Crime
ആരോപണത്തിന് പിന്നാലെ നടന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ ധരിപ്പിച്ചു എന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
തിരുവനന്തപുരം: പീഡനക്കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ നടന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ ധരിപ്പിച്ചു എന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയശേഷം മന്ത്രി ശശീന്ദ്രൻ പറഞ്ഞു. ക്ലിഫ് ഹൗസിലെത്തിയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞു. മുഖ്യമന്ത്രി എല്ലാം ശ്രദ്ധാപൂർവം കേട്ടു.
ബോധ്യപ്പെട്ടോ എന്നത് മുഖ്യമന്ത്രിയല്ലേ പറയേണ്ടതെന്നും ശശീന്ദ്രൻ ചോദിച്ചു. മുഖ്യമന്ത്രി വിളിപ്പിച്ചതല്ല. താൻ അങ്ങോട്ട് ആവശ്യപ്പെട്ട് പോയതാണെന്നും മന്ത്രി പറഞ്ഞു. നിയമസഭാ സമ്മേളനം നാളെ തുടങ്ങുന്ന സാഹചര്യത്തിൽ വനംവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. രാജി വെക്കുന്ന സാഹചര്യം ഉണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇല്ലില്ല എന്നായിരുന്നു ശശീന്ദ്രന്‍റെ മറുപടി. ഈ വിഷയത്തിൽ തനിക്ക് പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞു കഴിഞ്ഞതാണെന്നും മന്ത്രി വ്യക്തമാക്കി.
