KERALA
ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന മൊഴി ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതിനു പിന്നാലെ പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ചു. പ്രതിപക്ഷാംഗങ്ങള്‍ സഭാകവാടത്തില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു.
ഡോളര്‍ക്കടത്ത് കേസിലെ പ്രതികള്‍ മുഖ്യമന്ത്രിക്കെതിരായി നല്‍കിയ മൊഴികള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ആ ആശങ്ക സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പി.ടി. തോമസ് നല്‍കിയ നോട്ടീസിലെ ആവശ്യം. അതേസമയം പ്രതികളുടെ മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തുന്നത് ഉചിതമല്ലെന്ന നിലപാട് സ്വീകരിച്ച സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിക്കുകയായിരുന്നു.
അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിന് അനുമതി തേടി പി.ടി. തോമസ് എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. വിവിധ കോടതികളുടെ പരിഗണനയിലുള്ള വിഷയമാണിതെന്നും അതിനാല്‍ത്തന്നെ ഇത് സഭയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും നോട്ടീസിന് അനുമതി നല്‍കേണ്ടതില്ലെന്നും സ്പീക്കര്‍ വിലയിരുത്തുകയായിരുന്നു.
എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് എവിടെ പോയി സംസാരിക്കും എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരാഞ്ഞു. സ്വാശ്രയകേസ്, ശബരിമല വിധി, കൊടകര കുഴല്‍പ്പണക്കേസ് ഉള്‍പ്പെടെ മറ്റു പല നോട്ടീസുകളും സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതിനു മാത്രം എന്താണ് വിവേചനം എന്നും അദ്ദേഹം ആരാഞ്ഞു.