Crime
മൈസൂരിൽ എംബിഎ വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ നാല് പ്രതികൾ പിടിയിൽ

മൈസൂരു: മൈസൂർ ചാമുണ്ഡി ഹിൽസിൽ എംബിഎ വിദ്യാർത്ഥിനിയെ ക്രൂരമായി കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ നാല് പ്രതികൾ പിടിയിലെന്ന് സൂചന. ‘ഓപ്പറേഷൻ’ വിജയിച്ചെന്ന് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു
തമിഴ്‌നാട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇതിന്റെ വിശദവിവരങ്ങൾ ഇന്ന് രണ്ടുമണിക്ക് മാദ്ധ്യമങ്ങളെ അറിയിക്കുമെന്ന് അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് വിദ്യാർത്ഥികളെ പൊലീസ് കസ്‌റ്റഡിയിലെടുത്തതായി മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. മൈസൂരു സർവകലാശാലയിലെ വിദ്യാർത്ഥികളാണ് ഇവർ. മൂന്ന് മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയുമായ വിദ്യാർത്ഥികളെ സംഭവശേഷം കാണാതായിരുന്നു. ഇവരുടെ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരം ലഭിച്ചതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ഓഗസ്‌റ്റ് 24നാണ് എംബിഎ വിദ്യാർത്ഥിനിയും സുഹൃത്തും ചാമുണ്ഡിഹിൽസിൽ പോയത്. ഇവിടെവച്ച് മദ്യപിച്ച നിലയിലെത്തിയ പ്രതികൾ ബൈക്ക് തടഞ്ഞുനിർത്തി ആൺ സുഹൃത്തിനെ അടിച്ചുവീഴ്‌ത്തി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്യുകയും സംഭവം മൊബൈൽ ക്യാമറയിൽ പകർത്തി മൂന്ന് ലക്ഷം രൂപ നൽകിയില്ലെങ്കിൽ വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.സംഭവത്തിൽ അന്വേഷണം കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ച പൊലീസ് നാല് ദിവസത്തിനകം പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു. പെൺകുട്ടിയോ സുഹൃത്തോ ഇവരെ തിരിച്ചറിഞ്ഞാലുടൻ അറസ്‌റ്റ് ഉണ്ടാകുമെന്നാണ് സൂചന. സംഭവത്തിൽ പ്രതികളെ പിടികൂടാൻ ആവശ്യപ്പെട്ട് കർണാടകയിൽ വലിയ പ്രക്ഷോഭമാണ് ഉണ്ടായത്.