Education
സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിച്ച സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.
ഏതെല്ലാം ക്ലാസുകൾ തുറക്കാമെന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പും റിപ്പോർട്ട് തയാറാക്കുന്നുണ്ട്. ഈ രണ്ട് റിപ്പോർട്ടുകളും മുഖ്യമന്ത്രിക്ക് കൈമാറും. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതസമിതി സ്വീകരിക്കുമെന്നും മന്ത്രി ശിവൻ കുട്ടി പറഞ്ഞു.
സ്‌കൂളുകൾ കാണാതെ പത്താം ക്ലാസ്, പ്ലസ് വൺ പരീക്ഷകൾ എഴുതിയ കുട്ടികളുണ്ട്. അക്കാര്യത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. നമ്മളാരും ബുദ്ധിമുട്ട് ഉണ്ടാക്കാതിരുന്നാൽ മതിയെന്നും വി ശിവൻ കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
ചില നിബന്ധനകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ ചില സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ തുറന്നിട്ടുണ്ട്. ഈ വിഷയത്തിൽ ലോകത്തുള്ള വിദഗ്ധരുമായി സർക്കാർ കഴിഞ്ഞ ദിവസം ആശയവിനിമയം നടത്തിയിരുന്നു. ആവശ്യമെങ്കിൽ സ്‌കൂളുകൾ തുറക്കാമെന്ന ആശയം ഉയർന്നുവന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.