KERALA
കൊല്ലം അഴീക്കലിൽ മത്സ്യബന്ധന വള്ളം മുങ്ങി നാല് മത്സ്യതൊഴിലാളികൾ മരിച്ചു

കൊല്ലം: കൊല്ലം അഴീക്കലിൽ മത്സ്യബന്ധന വള്ളം മുങ്ങി നാല് മത്സ്യതൊഴിലാളികൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. 16 പേർ വള്ളത്തിലുണ്ടായിരുന്നു. ഇതിൽ ഏഴു പേരെ മറ്റ് വള്ളങ്ങളിൽ രക്ഷിച്ചപ്പോൾ അഞ്ച് പേർ നീന്തി കരയ്ക്കടുത്തു. അഴീക്കൽ ഹാർബറിൽ നിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ അഴീക്കൽ പൊഴിക്കു സമീപമാണ് അപകടം നടന്നത്. തങ്കപ്പൻ, സുദേവൻ, സുനിൽദത്ത്, ശ്രീകുമാർ എന്നിവരാണ് മരണമടഞ്ഞത്. രക്ഷപ്പെട്ട പന്ത്രണ്ടു പേരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി ആശുപത്രികളിലാണ് ഇവരെ പ്രവേശിപ്പിച്ചത്.അഴീക്കലിൽ നിന്നുള്ള ഓംകാരം എന്ന മത്സ്യബന്ധന വള്ളമാണ് രാവിലെ പത്തരയോടെ അപകടത്തിൽപെട്ടത്. മത്സ്യബന്ധനത്തിനു ശേഷം കരയിലേക്ക് മടങ്ങുകയായിരുന്ന വള്ളമാണ് അപകടത്തിൽപെട്ടത്. ശക്തമായ തിരയിൽപെട്ട് വള്ളം മറിഞ്ഞതാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വല വള്ളത്തിൽ കുരുങ്ങിയതാണ് അപകടകാരണമെന്ന് രക്ഷപ്പെട്ട മത്സ്യതൊഴിലാളികൾ പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് കരയിൽ നിരവധി മത്സ്യതൊഴിലാളികൾ ഉണ്ടായിരുന്നു. ഇവരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്.