NATIONAL
പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന ഹരജിയുമായി മമത കോടതിയിൽ

കൊല്‍ക്കത്ത: സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള അധികാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പൊലീസ് മേധാവിമാരായി പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരമോ വൈദഗ്ധ്യമോ യു.പി.എസ്.സിക്ക് ഇല്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ ആരോപിച്ചു.
ബംഗാളിന്റെ ഹരജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാമനിര്‍ദേശ പത്രിക പിന്തുണച്ച വിരമിച്ച ജഡ്ജിയുടെ മകന്‍ മനോജ് മാളവ്യയാണ് ബംഗാളിലെ ആക്ടിങ് ഡി.ജി.പി. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വിരേന്ദ്ര വിരമിച്ചതിനെ തുടര്‍ന്ന് 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ മനോജ് മാളവ്യയെ ആക്ടിങ് ഡി.ജി.പി ആയി കഴിഞ്ഞ ദിവസം മമത സര്‍ക്കാര്‍ നിയമിച്ചിരുന്നു.
അഖില്‍ ഭാരതീയ ഹിന്ദു മഹാസഭായുടെ സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ ചെറുമകന്‍ ആണ് മനോജ് മാളവ്യ. മനോജിന്റെ പിതാവ് ജസ്റ്റിസ് ഗിരിധര്‍ മാളവ്യ ആണ് 2014 ലെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വാരാണസി മണ്ഡലത്തില്‍ നിന്ന് നരേന്ദ്ര മോദി നല്‍കിയ നാമനിര്‍ദേശ പത്രിക പിന്താങ്ങിയ നാല് പേരില്‍ ഒരാള്‍.
യു.പി.എസ്.സി തയ്യാറാക്കുന്ന മൂന്നംഗ പട്ടികയില്‍ നിന്നാകണം സംസ്ഥാന സര്‍ക്കാരുകള്‍ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കേണ്ടതെന്ന് പ്രകാശ് സിംഗ് കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. നിലവിലെ പൊലീസ് മേധാവി വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് പാനലിലേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക യു.പി.എസ്.സിക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.