KERALA
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആയി ഉയർത്താൻ ശുപാർശ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആയി ഉയർത്താൻ ശുപാർശ. ശമ്പളപരിഷ്കരണ കമ്മിഷൻ ശുപാർശകൾ മുഖ്യമന്ത്രിക്ക് കൈമാറി. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.കെ മോഹൻദാസ് അധ്യക്ഷനായ കമ്മിഷനാണ് ശുപാർശകളടങ്ങുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്.
സർക്കാർ സ്ഥാപനങ്ങളിലെ പ്രവർത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചായി കുറയ്ക്കണമെന്നും ആശ്രിത നിയമനം സമ്പൂർണമായി ഒഴിവാക്കണമെന്നും ശുപാർശയിൽ എടുത്തു പറയുന്നു. പ്രവർത്തി ദിവസങ്ങൾ അഞ്ചായി കുറയ്ക്കുമ്പോൾ ഓരോ ദിവസത്തേയും പ്രവർത്തി സമയം രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെയാക്കണം. വർക്ക് ഫ്രം ഹോം നിർബന്ധമാക്കണമെന്ന് പറയുന്നില്ലെങ്കിലും അത്യാവശ്യ സാഹചര്യങ്ങളിൽ അനുവദിക്കാമെന്നാണ് ശുപാർശ. അതോടൊപ്പം കേന്ദ്ര സർക്കാർ മാതൃകയിൽ ലീവുകളുടെ എണ്ണം നിജപ്പെടുത്തണം, അവധി ദിവസങ്ങൾ കുറയ്ക്കണം.
ആശ്രിത നിയമനം പൂർണമായും ഒഴിവാക്കണമെന്നാണ് മറ്റൊരു പ്രധാന ശുപാർശ. സർവീസിലിരിക്കുന്ന ഒരാൾ മരണപ്പെടുമ്പോൾ ബന്ധുവിന് ജോലി നൽകുന്നതിലൂടെ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രാപ്തമല്ല. ആശ്രിതർക്ക് മെച്ചപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ നൽകണം. എന്നാൽ ഭരണഘടനയനുസരിച്ച് ആർട്ടിക്കിൾ 16ന്റെ അന്തസത്ത ലംഘിക്കുന്നതുകൊണ്ടും സർവീസ് കാര്യക്ഷമതയിൽ ഇടിവ് സംഭവിക്കുന്നതുകൊണ്ടും പൊതു ഉദ്യോഗാർത്ഥികളുടെ അവസരം കുറയുന്നതുകൊണ്ടും ആശ്രിത നിയമനം നിർത്തണമെന്നാണ് ശുപാർശ.
സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം കൈപ്പറ്റുന്ന എയ്ഡഡ് കോളേജ്, സ്കൂൾ അധ്യാപകരുടെ നിയമനത്തിൽ സുതാര്യതയുണ്ടാകണമെന്നതാണ് മറ്റൊരു പ്രധാന ശുപാർശ. ഇത്തരം നിയമനങ്ങൾ മെറിറ്റ് അടിസ്ഥാനത്തിൽ വേണമെന്നാണ് കമ്മിഷൻ ശുപാർശ. മാനേജ്മെന്റുകളുടെ കൂടി സഹകരണത്തോടുകൂടി ഇത് നടപ്പിലാക്കാൻ വേണ്ട നടപടികൾ കേരള റിക്രൂട്ട്മെന്റ് ബോർഡ് ഫോർ പ്രൈവറ്റ് സ്കൂൾ ആൻഡ് കോളേജ് സ്വീകരിക്കണമെന്നും അതുവരെ അഭിമുഖങ്ങൾ ഉൾപ്പെടെ വീഡിയോ റെക്കോർഡ് ചെയ്യുന്ന രീതി സ്വീകരിക്കാമെന്നാണ് ശുപാർശയിൽ ചൂണ്ടിക്കാട്ടിയത്.