KERALA
എംഎസ്എഫ് വനിതാ വിഭാഗമായ ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

മലപ്പുറം: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഹരിത നേതാക്കൾ ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പാർട്ടിയുടെ തീരുമാനത്തിന് വഴങ്ങാത്ത കമ്മിറ്റിയുമായി മുന്നോട്ടു പോകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
എംഎസ്എഫ്നേതാക്കൾക്കെതിരെ ഹരിത നേതാക്കൾ നൽകിയ ലൈംഗിക അധിക്ഷേപ പരാതി പിൻവലിക്കണമെന്ന ആവശ്യം ലീഗ് നേതൃത്വം നേരത്തെ ഹരിത നേതൃത്വത്തെ അറിയിച്ചിരുന്നു.. എന്നാൽ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കാൻ ഹരിത നേതാക്കൾ തയ്യാറായിട്ടില്ല. ഇതോടെയാണ് കടുത്ത നടപടി. പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള പലശ്രമങ്ങളും പാർട്ടി നടത്തിയെന്ന് പിഎംഎ സലാം പറഞ്ഞു. എന്നാൽ പാർട്ടിക്ക് വഴങ്ങാത്ത ഹരിത നേതാക്കൾക്കെതിരെ കർശന നിലപാട് സ്വീകരിക്കേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹരിത നേതാക്കൾ പരാതി പിൻവലിക്കാതെ ചർച്ചയുമായി മുന്നോട്ടു പോകില്ലെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.അബ്ദുൾ വഹാബ് എന്നിവർക്കെതിരേ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ ഹരിതയിലെ പത്ത് പെൺകുട്ടികളായിരുന്നു വനിതാ കമ്മീഷന് പരാതി നൽകിയത്. ഇതാണ് പിൻവലിക്കാൻ ആവശ്യപ്പെട്ടത്.