Connect with us

NATIONAL

സസ്പെന്റ് ചെയ്യപ്പെട്ട പ്രതിപക്ഷ എം.പി മാർ രാജ്യസഭയിൽ നിന്ന് പുറത്തിറങ്ങിയില്ല. ഒടുവിൽ സഭ പിരിഞ്ഞു

Published

on

ന്യൂഡൽഹി: കാർഷിക ബിൽ അവതരിപ്പിക്കുന്നതിനിടെ നടന്ന പ്രതിഷേധത്തിന്റേയും കൈയാങ്കളിയുടേയും പേരിൽ സസ്പെൻഡ് ചെയ്ത എട്ട് പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ നിന്ന് പുറത്ത് കടക്കാതെ പ്രതിഷേധിച്ചു. സിപിഎം അംഗങ്ങളായ കെ.കെ.രാഗേഷ്, എളമരം കരീം, തൃണമൂൽ കോൺഗ്രസ് അംഗങ്ങളായ ഡെറിക് ഒബ്രിയാൻ, ഡോള സെൻ, ആം ആദ്മി പാർട്ടിയടെ സഞ്ജയ് സിങ്, കോൺഗ്രസ് അംഗങ്ങളായ രാജീവ് സത്വ, റിപ്പുൻ ബോര, സയീദ് നസീർ ഹുസ്സൈൻ എന്നിവരെയാണ് ഇന്ന് സഭ ചേർന്നയുടൻ അധ്യക്ഷൻ വെങ്കയ്യ നായിഡു സസ്പെൻഡ് ചെയ്തത്.

സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ സഭയിൽ നിന്ന് പുറത്ത് പോകാൻ തയ്യാറായില്ല. പ്രതിഷേധവുമായി സഭയിൽ തുടർന്നു. ഇതോടെ പലതവണ നിർത്തിവെച്ച രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. സസ്പെൻഷനിലായ അംഗങ്ങൾക്ക് വിശദീകരണം നൽകാൻ അവസരം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അധ്യക്ഷൻ തയ്യാറായില്ല. സർക്കാരിന്റെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരിച്ചത്. പാർലമെന്ററി, വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയ അംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്.

സമ്മേളന കാലയളവ് കഴിയുന്നത് വരെയാണ് എട്ട് അംഗങ്ങളെ സസ്പെൻഡ് ചെയ്തത്. അധ്യക്ഷ വേദിയിലെ മൈക്ക് പിടിച്ചുവലിക്കുകയും സഭയുടെ റൂൾബുക്ക് വലിച്ചുകീറിയെറിയുകയും ചെയ്ത ഡെറിക് ഒബ്രിയാന്റെ പേര് വിളിച്ച് വെങ്കയ്യ നായിഡു പുറത്ത് പോകാൻ ആവശ്യപ്പെട്ടു.

സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങൾക്ക് സഭയിൽ തുടരാൻ അവകാശമില്ല, അവരുടെ സാന്നിധ്യത്തിൽ സഭയ്ക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്നും വി.മുരളീധരൻ പറഞ്ഞു. സഭ ഇന്നത്തേക്ക് പിരിഞ്ഞതിന് പിന്നാലെ മറ്റു പ്രതിപക്ഷ എം.പിമാർ സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർക്കൊപ്പം ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തി.

Continue Reading