KERALA
ഗുരു പ്രതിമ അനാച്ഛാദന ചടങ്ങ് സി.പി.ഐ ബഹിഷ്‌ക്കരിച്ചു. സര്‍ക്കാര്‍ ചടങ്ങുകളില്‍ സി പി ഐക്ക് വല്യേട്ടന്റെ വിലക്കെന്ന് പരാതി
‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായാണ് സര്‍ക്കാര്‍ തലസ്ഥാനത്ത് ശ്രീനാരയണ ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചത്.

തിരുവനന്തപുരം: സര്‍ക്കാരിന്റെ ശ്രീനാരയണഗുരു പ്രതിമ അനാച്ഛാദന ചടങ്ങ് സിപിഐ ബഹിഷ്‌കരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. നെടുമങ്ങാട് എംഎല്‍എ സി ദിവാകരനെ പരിപാടിക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.
സര്‍ക്കാര്‍ ചടങ്ങുകളില്‍ നിന്ന് സ്ഥിരമായി ഒഴിവാക്കുന്നു എന്ന് സിപിഐ പരാതി അറിയിച്ചു. പരിപാടിയില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിവാക്കിയതാണെന്നും സിപിഐ ആരോപിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി ആര്‍ അനിലാണ് പ്രതിഷേധം അറിയിച്ചത്. എന്തുകൊണ്ടാണ് ക്ഷണിക്കാത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അനില്‍ ആവശ്യപ്പെട്ടു. ചടങ്ങിലേക്ക് ഡെപ്യൂട്ടി സ്പീക്കറെ ക്ഷണിച്ചിരുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായാണ് സര്‍ക്കാര്‍ തലസ്ഥാനത്ത് ശ്രീനാരയണ ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചത്. മ്യൂസിയത്തിന് സമീപം ഒബ്സര്‍വേറ്ററി ഹില്‍സില്‍ സ്ഥാപിച്ച പ്രതിമ, തിങ്കളാഴ്ച രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചത്.
ചടങ്ങില്‍ മന്ത്രിമാരായ എ കെ ബാലന്‍, കടകംപള്ളി സരേന്ദ്രന്‍, മേയര്‍ കെ ശ്രീകുമാര്‍, എംഎല്‍എമാരായ വി എസ് ശിവകുമാര്‍ വി കെ പ്രശാന്ത്, ഒ രാജഗോപാല്‍ എന്നിവരും പങ്കെടുത്തിരുന്നു