Crime
വിദേശത്തുള്ള കാമുകനെ വിളിച്ചുവരുത്തി ബന്ദിയാക്കി 15 ലക്ഷവും സ്വർണവും തട്ടിയെടുത്ത കാമുകിയും സംഘവും അറസ്റ്റിൽ

തിരുവനന്തപുരം: വിദേശത്തുള്ള കാമുകനെ വിളിച്ചുവരുത്തി ബന്ദിയാക്കി 15 ലക്ഷവും സ്വർണവും തട്ടിയെടുത്ത കാമുകിയും സംഘവും അറസ്റ്റിലായി. ദുബായിൽ നിന്നെത്തിയ തമിഴ്നാട് കോട്ടാർ സ്വദേശി അബ്ദുൾ ഖാദറിനെയാണ് (44) ചിറയിൻകീഴ് സ്വദേശിയായ കാമുകിയും സംഘവും തട്ടിക്കൊണ്ടുപോയത്.
രണ്ട് ദിവസം മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഖാദറിനെ കാമുകി ഇൻഷയും സഹോദരൻ ഷഫീക്കും ഉൾപ്പെടെ എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന അഞ്ചുപവന്റെ ആഭരണങ്ങളും രണ്ട് വില കൂടിയ മൊബൈൽ ഫോണുകളും തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി അക്കൗണ്ടിൽ നിന്ന് 15 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് ഓൺലൈൻ വഴി മാറ്റി.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ദുബായിലെ ഒരു കമ്പനിയുടെ മാനേജരായ ഖാദർ യുവതിയുമായി ആറ് മാസമായി ലിവിംഗ് ടുഗദറിലായിരുന്നു. ഇതിനിടെ യുവതി നാട്ടിലെത്തി. തനിക്ക് മറ്റ് ആലോചനകൾ വരുന്നുണ്ടെന്നും അതിനാൽ നാട്ടിലെത്തി ബന്ധുക്കളുമായി സംസാരിക്കണമെന്നും ഖാദറിനോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം വിമാനത്താവളത്തിലെത്തിയ ഖാദറിനെ വീട്ടിലേയ്ക്കാണെന്ന് പറഞ്ഞ് യുവതിയും സംഘവും വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. വാഹനത്തിൽ വച്ച് യുവതി പണം ആവശ്യപ്പെട്ടെങ്കിലും ഖാദർ നൽകാൻ തയ്യാറായില്ല. ഇതോടെ യുവതിയുടെ നേതൃത്വത്തിൽ എട്ടംഗ സംഘം ഇയാളെ ഉപദ്രവിച്ചു. ചിറയിൻകീഴ് ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് മർദ്ദിച്ച് സ്വർണവും പണവും കൈക്കലാക്കി.അടുത്തദിവസം വിമാനത്താവളത്തിന്റെ മുമ്പിൽ തിരികെ ഇറക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ വിദേശത്ത് നിന്നെത്തിയ ഖാദറിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ ഖാദർ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് വലിയതുറ പൊലീസ് ഖാദറിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവതിയെയും സംഘത്തെയും പിടികൂടിയത്.