KERALA
ഖുറാന്റെ മറവില്‍ സ്വര്‍ണ്ണ കടത്ത് നടന്നിട്ടുണ്ടാകാമെന്ന മുന്‍കൂര്‍ ജാമ്യവുമായ് മന്ത്രി ജലീല്‍ .ജലീലിന്റെ പരാമര്‍ശം സി.പി.എം നയത്തിന് വിരുദ്ധം

തിരുവനന്തപുരം: ഖുറാന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാം. എന്നാല്‍ തനിക്കതില്‍ ബന്ധമില്ലെന്നും ജലീല്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ എംവി നികേഷ്‌കുമാറുമായിട്ടുള്ള അഭിമുഖത്തിലാണ് ജലീലിന്റെ തുറന്നു പറച്ചില്‍.
നേരത്തെ ഖുറാനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നായിരുന്നു ജലീലിന്റെ തന്നെ വാദം. ഇതു സിപിഎമ്മും മുഖ്യമന്ത്രിയും ഏറ്റു പിടിച്ചതോടെ ഖുറാന്‍ വിവാദം യുഡിഎഫിനെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ ഇതിനിടെയാണ് ഖുറാന്റെ കൂടെ സ്വര്‍ണം കടത്തിക്കാണുമെന്ന മന്ത്രിയുടെ പ്രസ്താവന വരുന്നത്.
താന്‍ വ്യക്തിപരമായി ഖുറാന്‍ സ്വീകരിച്ചിട്ടില്ലെന്നും സി ആപ്റ്റിന്റെ വാഹനം ഉപയോഗിച്ചതില്‍ തെറ്റില്ലെന്നും ജലീല്‍ വാദിക്കുന്നു. ഒരു അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലും തന്റെ പേരു വരില്ലെന്നും ജലീല്‍ അഭിമുഖത്തില്‍ ഉറപ്പു നല്‍കുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ പേരു പരാമര്‍ശമുണ്ടായാല്‍ രാജിയുണ്ടാകുമോയെന്ന ചോദ്യത്തിന് ജലീല്‍ മൗനം തുടരുകയാണ്.
എന്‍ഐഎ ഓഫീസിലേക്ക് വരാന്‍ തന്റെ സൗകര്യപ്രദമായ സമയമാണ് തെരഞ്ഞെടുത്തത്. പുലര്‍ച്ചെ യാത്ര ചെയ്ത് എത്തുന്നതായിരുന്നു തനിക്ക് അനുയോജ്യമായിരുന്നത്. ആറു മണിക്ക് എത്തിയതിന് ശേഷം 15 മിനിറ്റിനുള്ളില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചുവെന്നും ജലീല്‍ പറയുന്നു.
അന്നു മാധ്യമങ്ങളെ കാണാതെ വന്നത് തന്റെ കുസൃതിയായിരുന്നു. എന്നാല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ അവിടെ വന്നു. അയാളെ വേണമെങ്കില്‍ അവിടെ നിന്നും ഒഴിവാക്കാന്‍ കഴിയുമായിരുന്നെന്നും എന്നാല്‍ താനത് ചെയ്തില്ലെന്നും ജലീല്‍ അവകാശപ്പെട്ടു.
നേരത്തെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകന്‍ വിളിച്ചിരുന്നു. എന്നാല്‍ ഒരു പരിചയവുമില്ലാത്ത ആളായതിനാല്‍ ചോദ്യം ചെയ്തില്ലെന്ന കള്ളം പറഞ്ഞുവെന്നും മന്ത്രി സമ്മതിച്ചു. താന്‍ ചെയ്തത് ശരിയാണെന്നും മന്ത്രി ആവര്‍ത്തിച്ചു.
സ്വര്‍ണക്കടത്ത് വിവാദത്തില്‍ മന്ത്രിയെ ഇഡിയും എന്‍ഐഎയും ചോദ്യം ചെയ്തതിന് ശേഷം ഇതാദ്യമായാണ് ഒരു വാര്‍ത്താചാനലിന് ഒരു അഭിമുഖം മന്ത്രി നല്‍കുന്നത്. തത്സമയമായിരുന്നു മന്ത്രിയുമായുള്ള അഭിമുഖം. അതിനിടെ സിപിഎം അനുകൂല മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമെ മന്ത്രി അഭിമുഖം അനുവദിക്കൂ എന്ന വിമര്‍ശനവും പരക്കെ ഉയര്‍ന്നിട്ടുണ്ട്