Education
കണ്ണൂർ സർവകലാശാലയുടെ സിലബസിൽ ആർ. എസ്. എസ്. നേതാവ് ഗോൾവാക്കറെയും സവർക്കറെയും ഉൾപ്പെടുത്തിയ നടപടി മരവിപ്പിച്ചു

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ സിലബസിൽ ആർ. എസ്. എസ്. നേതാവ് ഗോൾവാക്കറെയും സവർക്കറെയും ഉൾപ്പെടുത്തിയ നടപടി താത്കാലികമായി വി.സി മരവിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സമിതിയുടെ തീരുമാനം വരുന്നത് വരെയാണ് മരവിപ്പിച്ചത്. വിവാദ സിലബസിനെതിരേ സർവകലാശാലയിൽ ഉപരോധസമരം നടത്തിയ കെ. എസ്.യു പ്രവർത്തകരെയാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ വാക്കാൽ ഇക്കാര്യം അറിയിച്ചത്.
ഇതിനിടെ വിഷയത്തിൽ വൈസ് ചാലൻസലറോട് വിശദീകരണം തേടിയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ.ബിന്ദു പറഞ്ഞു. സംഭവത്തിൽ സാങ്കേതികമായി എന്താണ് പ്രശ്നമുള്ളതെന്ന് പരിശോധിച്ച ശേഷം മറുപടി പറയാമെന്നും മന്ത്രി പറഞ്ഞു. സെക്യുലർ ആയിട്ടുള്ള ഒരു രാജ്യമാണ് നമ്മുടേത്. വർഗീയ പരാമർശങ്ങളുള്ള കാര്യങ്ങൾ സിലബസിലുള്ളത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു. എല്ലാ തീരുമാനങ്ങളും സർവകലാശാല നേതൃത്വം അറിഞ്ഞുകൊണ്ടാകണമെന്നില്ലെന്നും വി.സിയുടെ മറുപടി ലഭിച്ചതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.
2020 ലാണ് ധർമ്മടം ബ്രണ്ണൻ കോളേജിൽ എം.എ. ഗവേണൻസ് എന്ന പുതിയ കോഴ്സ് തുടങ്ങിയത്. അതിൽ ഈവർഷം തുടങ്ങാനിരിക്കുന്ന മൂന്നാം സെമസ്റ്ററിലെ ‘തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്’ എന്ന പേപ്പറിൽ ചർച്ചചെയ്തു പഠിക്കാൻ നിർദേശിച്ചതിൽ ഒരു ഭാഗം ഹിന്ദുത്വത്തെക്കുറിച്ചാണ്. സിലബസിൽ കാവിവത്കരണം എന്ന ആരോപണം കാര്യങ്ങൾ മനസ്സിലാക്കാതെയാണെന്ന് വൈസ് ചാൻസലർ ചൂണ്ടിക്കാട്ടി.