Crime
നിതിൻ രാജിൻ്റെ മരണത്തിന് പിന്നിൽ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയാണെന്ന് വരുത്തിത്തീർക്കാൻ കോളേജ് മാനേജ്മെന്റ് ശ്രമം
കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയിൽ പ്രതികളായ അധ്യാപകർക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട വകുപ്പ് മേധാ ഉൾപ്പെടെയുള്ള രണ്ട് അധ്യാപകർ നിലവി ഒളിവിലാണ്. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി കോളേജ് അധികൃതർ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തി വരികയാണ്.
ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം നിതിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി സഹപാഠികൾ വെളിപ്പെടുത്തി. ജാതി അധിക്ഷേപവും ക്രൂരമായ റാഗിംഗും നിതിൻ നേരിട്ടിരുന്നതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. അധ്യാപകരുടെ പീഡനമാണ് മരണത്തിന് പ്രധാന കാരണമെന്ന് ഉറച്ചുനിൽക്കുകയാണ് സഹപാഠികൾ.
അതേസമയം, നിതിൻ രാജിൻ്റെ മരണത്തിന് പിന്നിൽ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയാണെന്ന് വരുത്തിത്തീർക്കാൻ കോളേജ് മാനേജ്മെന്റ് ശ്രമിക്കുന്നതായി ആക്ഷേപമുയർന്നു. ലോൺ ആപ്പ് സംഘത്തിൽ നിന്നുള്ള ഭീഷണി സന്ദേശങ്ങൾ നിതിന്റെ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, വായ്‌പാ തിരിച്ചടവ് കൃത്യമായി നടത്തിയിരുന്നതായും സാമ്പത്തിക പ്രശ്‌നങ്ങളല്ല മരണകാരണമെന്നും നിതിൻ്റെ കുടുംബം വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം നിതിന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
മരണത്തിന് പിന്നിൽ അധ്യാപകരുടെ പീഡനമാണോ അതോ ലോൺ ആപ്പ് മാഫിയയുടെ ഇടപെടലാണോ എന്ന കാര്യത്തിൽ ശാസ്ത്രീയമായ പരിശോധനകൾ നടത്താനാണ് പൊലീസിൻ്റെ തീരുമാനം. ഒളിവിലുള്ള പ്രതികളെ പിടികൂടുന്നതോടെ കേസിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
