Connect with us

Crime

നിതിന്‍ രാജിന്‍റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജില്‍ ഇന്ന്  ആരോഗ്യ സര്‍വകലാശാല അധികൃതര്‍ അന്വേഷണത്തിനെത്തും

Published

on

.

കണ്ണൂർ : ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജില്‍ ഇന്ന്  ആരോഗ്യ സര്‍വകലാശാല അധികൃതര്‍ അന്വേഷണത്തിനെത്തും. സര്‍വകലാശാല ഭരണസമിതിയംഗം മേജര്‍ ജനറല്‍ അജിത് നീലകണ്ഠന്‍റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെത്തുക. നിതിന്‍ രാജിന്‍റെ സഹപാഠികളുടെ മൊഴിയെടുക്കുകയാണ് ലക്ഷ്യം. അതേസമയം, നിതിന്‍റെ മരണത്തിന് പിന്നാലെ അവധി നല്‍കി പറഞ്ഞയച്ച ഒന്ന് മുതല്‍ മൂന്നാം വര്‍ഷം വരെയുള്ള വിദ്യാര്‍ഥികളും ഇന്ന് ക്യാംപസില്‍ തിരിച്ചെത്തും. ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കാനും സാധ്യതയുണ്ട്. ആത്മഹത്യാ പ്രേരണാ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡോ. റാം, ഡോ. സംഗീത എന്നിവരുടെ അറസ്റ്റ് വൈകുന്നതിനെതിരെ യൂത്ത് ലീഗ് കണ്ണൂര്‍  കമ്മിഷണര്‍  ഓഫിസിലേക്ക്  പ്രതിഷേധ മാര്‍ച്ച് ആഹ്വാനം ചെയ്തു.

നിതിന്‍ രാജിന്റെ മരണത്തില്‍  അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കത്തയച്ച് അലുമിനി അസോസിയേഷൻ. ആരോഗ്യ സർവകലാശാല രജിസ്റ്റട്രാർക്കും കത്തയച്ചു. സമാന അനുഭവം നേരിട്ടിട്ടുണ്ടെന്നും പൂര്‍വ വിദ്യാര്‍ഥികള്‍ പറഞ്ഞു

നിലവില്‍ സസ്പെന്‍ഷനിലുള്ള അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാം, അധ്യാപിക ഡോ.കെ.ടി.സംഗീത നമ്പ്യാർ എന്നിവർക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തിയിരുന്നു. ഇതിന് പുറമെ പട്ടികജാതി അതിക്രമനിരോധന നിയമവും ചുമത്തിയിട്ടുണ്ട്. പ്രത്യേക ഏഴംഗ സംഘമാണ് നിതിന്‍റെ മരണം അന്വേഷിക്കുന്നത്.  കണ്ണൂർ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ആർ.ഹരിപ്രസാദാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.  അധ്യാപകരിൽ നിന്നുണ്ടായ ജാതി അധിക്ഷേപം, മോശം പെരുമാറ്റം, സീനിയർ വിദ്യാർഥികളുടെ റാഗിങ് എന്നിവ അന്വേഷണപരിധിയിൽ വരും. ആരോപണങ്ങൾ അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്കു നിർദേശം നൽകി. സംസ്ഥാന യുവജന കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ നവംബറിലാണ് നിതിൻ രാജ് അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളജിൽ ബിഡിഎസിനു പ്രവേശനം നേടിയത്. എന്നാൽ, ഹോസ്റ്റലിൽ സിക്ക് റൂമിലാണ് താമസം അനുവദിച്ചത്. പ്രവേശനം നേടാൻ വൈകിയെന്ന കാരണത്താലാണിത്. നിതിൻ രാജിന്റെ മരണത്തെത്തുടർന്ന് സിക്ക് റൂം പൊലീസ് സീൽ ചെയ്തു. ഹോസ്റ്റലിൽ മുറികളുണ്ടായിട്ടും മാറ്റിനിർത്തലിന്റെ ഭാഗമായാണ് സിക്ക് റൂം നൽകിയതെന്ന് ബന്ധുക്കൾ ആരോപണം ഉയര്‍ത്തിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2നാണ് മെഡിക്കൽ കോളജ് ആശുപത്രിയുടെ റിസപ്ഷൻ വിഭാഗത്തിന്റെയും ലൈബ്രറി കെട്ടിടത്തിന്റെയും നടുവിലുള്ള തറയിൽ വീണുകിടക്കുന്ന നിലയിൽ നിതിനെ കണ്ടെത്തിയത്. ആശുപത്രി അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. നിതിൻ രാജ് തറയിൽ കിടക്കുന്നത് ആദ്യം കണ്ട ആശുപത്രി ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

Continue Reading