KERALA
യു.ഡി.എഫ് ഒറ്റക്കെട്ടായി തൃക്കാക്കരയില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കൊച്ചി: ക്വാറം തികയാത്തതിനാൽ തൃക്കാക്കര നഗരസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള എൽ.ഡി.എഫ്. നീക്കം പൊളിഞ്ഞു. പണക്കിഴി വിവാദത്തിൽ ചെയർപേഴ്സൺ അജിതാ തങ്കപ്പനെപുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നീക്കം നടത്തിയത്.
ആറുമാസത്തിനകം വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് ചന്ദ്രബാബു പറഞ്ഞു. ചെയർപേഴ്സൺ അജിതാ തങ്കപ്പനെതിരെ മുന്നോട്ടുവെച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിപക്ഷം തോറ്റുതുന്നംപാടിയെന്ന് ചെയർപേഴ്സൺ അജിത തങ്കപ്പൻപറഞ്ഞു.
തൃക്കാക്കര നഗരസഭയിൽ കോൺഗ്രസിന് 16-ഉം മുസ്ലിം ലീഗിന് അഞ്ച്കൗൺസിലർമാരുമുമാണുള്ളത്. 43 അംഗ നഗരസഭയിൽ 21 അംഗങ്ങളുടെ പിന്തുണയാണ് യു.ഡി.എഫിനുള്ളത്. എന്നാൽ എ ഗ്രൂപ്പിലെ കൗൺസിലർമാർ ഇടഞ്ഞുനിന്നതും ലീഗിലെ മൂന്ന് കൗൺസിലർമാർ അവിശ്വാസ പ്രമേയ ചർച്ചയിൽ വിപ്പ് സ്വീകരിച്ചെങ്കിലും പിന്നീട് നടന്ന യോഗങ്ങളിൽ പങ്കെടുക്കാതെ മാറിനിന്നതും യു.ഡി.എഫിന് തലവേദന സൃഷ്ടിച്ചിരുന്നു. എന്നാൽ ഇന്നലെ രാത്രിവരെ നടന്ന ചർച്ചകൾക്കു പിന്നാലെ യു.ഡി.എഫിലെ മുഴുവൻ അംഗങ്ങളും അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് മാറിനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് പണക്കിഴി വിവാദത്തിൽ ചെയർപേഴ്സനെതിരെ എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വാറം തികയാത്തതിനെ തുടർന്ന് പരാജയപ്പെട്ടത്.
അവിശ്വാസ പ്രമേയത്തിന് വലിയരീതിയിലുള്ള നീക്കമായിരുന്നു എൽ.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടായത്. 18-ാം വാർഡിലെ കോവിഡ് പോസിറ്റീവായ കൗൺസിലറെ പി.പി.ഇ. കിറ്റ് ധരിപ്പിച്ച് എൽ.ഡി.എഫ്. നഗരസഭയിലെത്തിച്ചിരുന്നു. എന്നാൽ നാല് സ്വതന്ത്ര കൗൺസിലർമാർ എടുത്ത നിലപാട് നിർണായകമാവുകയായിരുന്നു. ഇവർ അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് വിട്ടുനിന്നു. ഒരു സ്വതന്ത്ര കൗൺസിലർ ഇടതിന് പിന്തുണ നൽകി. ക്വാറം തികയാൻ വേണ്ടിയിരുന്നത് 22 കൗൺസിലർമാരുടെ അംഗബലം വേണമായിരുന്നു. എന്നാൽ ഹാജരായത് 18 പേരായിരുന്നു. ഇതോടെ ക്വാറം തികയാതെ അവിശ്വാസ പ്രമേയ ചർച്ച പരാജയപ്പെട്ടുകയായിരുന്നു.