HEALTH
കൊവിഡ് മരണങ്ങളുടെ മാർഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മരണങ്ങളുടെ നഷ്ടപരിഹാരം നൽകുന്നതിനുള്ള മാർഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിലുള്ള മരണങ്ങളുടെ പട്ടിക പുതുക്കുമെന്നും സമഗ്രമായ പുതിയൊരു പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൊവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനകം മരിക്കുന്നവരെയും കൊവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കാണിച്ച് കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പുതുക്കിയിരുന്നു. ഇതുകൊണ്ടാണ് സംസ്ഥാനത്തെ കൊവിഡ് പട്ടികയിലും മാറ്റം വരുത്തുന്നത്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ തുക സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും കണ്ടെത്താനാണ് കേന്ദ്ര നിർദേശം.