Crime
മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞതും ഇരകളായ പരാതിക്കാര്‍ക്ക് തുണയായതും മുന്‍ സുഹൃത്തായ യുവതി

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞതും ഇരകളായ പരാതിക്കാര്‍ക്ക് തുണയായതും മുന്‍ സുഹൃത്തായ യുവതി. പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്ററായ കൊച്ചി സ്വദേശിനിയാണ് മോന്‍സന്റെ തട്ടിപ്പ് തിരിച്ചറിഞ്ഞ് ഇരകളായവരെ
ഒരുമിച്ചുകൂട്ടി നിയമനടപടികള്‍ക്ക് മുന്നിട്ടിറങ്ങിയത്.
പ്രവാസി ഫെഡറേഷന്‍ രക്ഷാധികാരി എന്നനിലയിലാണ് മോന്‍സന്‍ ബന്ധങ്ങള്‍ വളര്‍ത്തിയെടുത്തത്. ഇത്തരത്തിലാണ് യുവതിയുമായും സൗഹൃദം സ്ഥാപിക്കുന്നത്. ഉന്നത രാഷ്ട്രീയക്കാരോടും പൊലീസ് ഉദ്യോഗസ്ഥരോടും യുവതി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ലോക കേരള സഭ ഉള്‍പ്പെടെ സര്‍ക്കാരിന്റെ പരിപാടികളിലും ഇവര്‍ പ്രതിനിധിയായി പങ്കെടുത്തിരുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള ചിത്രങ്ങളും അവരുമായി ബന്ധപ്പെട്ട വാര്‍ത്തകളും സാമൂഹിക മാധ്യമങ്ങള്‍ വഴി യുവതി പങ്കുവെച്ചിട്ടുണ്ട്. മോന്‍സന്റെ തട്ടിപ്പ് ഇവര്‍ മനസ്സിലാക്കിയതോടെ അപകടം മണത്ത യുവതി ഇയാള്‍ക്കെതിരേ തിരിഞ്ഞു. മോണ്‍സന്റെ തട്ടിപ്പിനെപ്പറ്റി സുഹൃത്തുക്കള്‍ക്ക് ഇവര്‍ മുന്നറിയിപ്പു നല്‍കി. ദിവസങ്ങള്‍ക്കുള്ളില്‍ മോണ്‍സണ്‍ അറസ്റ്റിലാകുമെന്ന വിവരവും ഇവര്‍ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു.
ഉന്നതരുമായുള്ള സൗഹൃദങ്ങള്‍ മുതലാക്കി എടുത്ത ചിത്രങ്ങള്‍ ഉപയോഗിച്ചാണ് മോന്‍സന്‍ മാവുങ്കല്‍ മറ്റുള്ളവരെ തന്റെ ബിസിനസിലേക്ക് ആകര്‍ഷിച്ചിരുന്നത്. വിദേശത്തുനിന്ന് വരാനുള്ള പണം ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരം തടഞ്ഞുവെച്ചെന്ന് അറിയിച്ചാണ് മോന്‍സന്‍ പണം തട്ടിയിരുന്നത്. സ്വന്തമായി പാസ്‌പോര്‍ട്ട് പോലും ഇല്ലാത്ത മോന്‍സന്‍ വിദേശത്ത് പോയി എന്ന് ആളുകളെ പറഞ്ഞു പറ്റിക്കുകയായിരുന്നു.
ഇടുക്കി രാജകുമാരിയില്‍ നിന്നാണ് മോന്‍സന്‍ തട്ടിപ്പിന് തുടക്കമിടുന്നത്. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ തമിഴ്‌നാട് അതിര്‍ത്തിയില്‍ കൊണ്ടുപോയി വില്‍ക്കുന്ന ജോലിയാണ് ആദ്യം നടത്തിയത്. നിരവധി പേരെ സാമ്പത്തിക തട്ടിപ്പിനിരയാക്കി. പിന്നീട് സ്വന്തം നാടായ ചേര്‍ത്തലയിലേക്ക് പ്രവര്‍ത്തനം മാറ്റി.