KERALA
കോവിഡ് ചികിത്സാകേന്ദ്രത്തിൽ കഴിയുന്നതിനിടെ പരിചയത്തിലായ ആംബുലൻസ് ഡ്രൈവർക്ക് വിഷം കഴിക്കുന്ന ചിത്രം അയച്ച് പെൺകുട്ടി ജീവനൊടുക്കി

കിളിമാനൂർ: വിഷം കഴിച്ചു ജീവനൊടുക്കുന്നതായി ചിത്രം അടക്കം സുഹൃത്തിന് വാട്സാപ് സന്ദേശം അയച്ച പ്ലസ് ടു വിദ്യാർഥിനി നാലു ദിവസത്തിനു ശേഷം മരിച്ചു. പെൺകുട്ടി വിഷം കഴിച്ച കാര്യം മാതാപിതാക്കൾ അറിയുന്നത് നാലാം ദിവസം ഫോൺ പരിശോധിച്ചപ്പോഴാണ്. എന്നാൽ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
സുഹൃത്തായ ആംബുലൻസ് ഡ്രൈവർക്കാണ് പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതായി സന്ദേശം അയച്ചത്. കിളിമാനൂർ വാലഞ്ചേരി കണ്ണയംകോട് വി എസ് മൻസിലിൽ എ ഷാജഹാൻ–സബീനബീവി ദമ്പതികളുടെ മകൾ അൽഫിയ(17) ആണ് മരിച്ചത്. ഞായറാഴ്ചയാണ് പെൺകുട്ടി വിഷം കഴിച്ചത്. അയച്ച സന്ദേശം അന്നുതന്നെ സുഹൃത്ത് കണ്ടിരുന്നു. എന്നാൽ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചില്ല.
ഛർദിയും ക്ഷീണവും കാരണം അൽഫിയയെ നാല് ആശുപത്രികളിൽ കൊണ്ടുപോയിരുന്നു. എന്നാൽ വിഷം ഉള്ളിലെത്തിയ വിവരം അറിയാതെയായിരുന്നു ചികിത്സ. ഇതിനിടയിൽ ഇടയ്ക്ക് ഒരു ദിവസം അൽഫിയ സ്കൂളിൽ പരീക്ഷ എഴുതുകയും ചെയ്തു. ബുധനാഴ്ച അവശനിലയിൽ ആറ്റിങ്ങൽ വലിയകുന്ന് ഗവ ആശുപത്രിയിലെത്തിച്ചപ്പോൾ മെഡിക്കൽ കോളജിലേക്കു മാറ്റാൻ നിർദേശിച്ചു.
മെഡിക്കൽ കോളജിൽ എത്തിച്ചതിന് ശേഷം അൽഫിയയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് വാട്സ് ആപ്പിൽ സന്ദേശം കാണുന്നത്. മകൾ വിഷം കഴിച്ചതാണെന്ന് രക്ഷിതാക്കൾ അറിയുന്നതും അപ്പോഴാണ്.
എന്നാൽ പുലർച്ചെ രണ്ടുമണിയോടെ അൽഫിയ മരിച്ചു. പെൺകുട്ടി കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ 17 ദിവസം ചികിത്സയിൽ കഴിയുമ്പോൾ പരിചയത്തിലായ ആംബുലൻസ് ഡ്രൈവറായിരുന്ന യുവാവിനാണ് വിഷം കഴിക്കുന്ന ചിത്രം അടക്കം അയച്ചത്.