Crime
ലഖിംപുർ ഖേരി സംഭവത്തിൽ യു.പിസർക്കാരിനോട് അടിന്തര റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ലഖിംപുർ ഖേരി സംഭവത്തിൽ യു.പിസർക്കാരിനോട് അടിന്തര റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ നാളെ വീണ്ടും വാദം കേൾക്കും. ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇന്ന് വാദം കേട്ടത്.
സംഭവത്തിലെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. ആരൊക്കെ മരിച്ചു, എഫ്ഐആറിൽ ആരുടെയൊക്കെ പേരുകളുണ്ട്. എത്ര പേരെ അറസ്റ്റ് ചെയ്തു തുടങ്ങിയ വിശദമായ വിവരങ്ങൾ റിപ്പോർട്ടിൽ വേണമെന്ന് ബെഞ്ച് യുപി സർക്കാരിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
മകനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ മരണപ്പെട്ട ഒരാളുടെ അമ്മ ഗുരുതരാവസ്ഥയിലാണെന്നും അവർക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും തങ്ങൾക്ക് ഇപ്പോൾ ഒരു സന്ദേശം ലഭിച്ചുവെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു. സംസ്ഥാന സർക്കാരുമായി ഉടൻ ആശയവിനിമയം നടത്തുകയും അവർക്ക് വേണ്ട മെഡിക്കൽ സജ്ജീകരണങ്ങൾ ഒരുക്കുകയും വേണമെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകനോട് നിർദേശിച്ചു