Connect with us

KERALA

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

Published

on

തിരുവനന്തപുരം∙ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. അടിയൊഴുക്കുകള്‍ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയില്‍ വ്യാപൃതനായതിനാല്‍ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ഖാദി വിൽപനയും ചരിത്രരചനയും ഒരുമിച്ചു നടത്താന്‍ പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശോഭനാ ജോര്‍ജ് രാജിവച്ച ഒഴിവിലേക്ക് ചെറിയാന്‍ ഫിലിപ്പിനെ നിയമിച്ചുകൊണ്ടു കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ചെറിയാന്‍ ഫിലിപ്പിന്റെ കുറിപ്പ് ഇപ്രകാരമാണ്:

അടിയൊഴുക്കുകള്‍ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയില്‍ വ്യാപൃതനായതിനാല്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നില്ല.

40 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച കാല്‍ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പിന്തുടര്‍ച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല. കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയില്‍ രചിക്കാനാവില്ല. വസ്തുതകള്‍ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്. രാഷ്ട്രീയ സംഭവ വികാസങ്ങള്‍ അറിയുന്നതിന് പഴയ പത്രത്താളുകള്‍ പരിശോധിക്കണം. രാഷ്ട്രീയ അണിയറ രഹസ്യങ്ങള്‍ കണ്ടെത്തണമെങ്കില്‍ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങള്‍, മാധ്യമ പ്രമുഖര്‍, സമുദായ നേതാക്കള്‍ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടി വരും. രണ്ടു വര്‍ഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. ഖാദി വിൽപനയും ചരിത്രരചനയും ഒരുമിച്ചു നടത്താന്‍ പ്രയാസമാണ്.

കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാള്‍ മാര്‍ക്‌സ് തന്റെ സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിച്ചത്. തടവില്‍ കിടന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയെ കണ്ടെത്തല്‍ എന്ന മഹദ് ഗ്രന്ഥം രചിച്ചത്. ഇതെല്ലാം എനിക്ക് ആത്മവിശ്വാസത്തിനുള്ള പ്രചോദനമാണ്.

Continue Reading