Connect with us

Life

രാജ്യം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് .സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി

Published

on

ഡല്‍ഹി: രാജ്യം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്കെന്ന് സൂചന. രാജ്യത്തെ പ്രധാന താപവൈദ്യുത നിലയങ്ങളില്‍ മൂന്നു ദിവസത്തേക്കുള്ള വൈദ്യുതിയുല്‍പ്പാദനത്തിനുള്ള കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്നത്. ഇനിയും കല്‍ക്കരി എത്തിയില്ലെങ്കില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കല്‍ക്കരി ഖനനവും ചരക്ക് നീക്കവും തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. രാജ്യത്തെ ആകെ വൈദ്യുതിയുടെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് 135 കല്‍ക്കരി താപവൈദ്യുത നിലയങ്ങളിലാണ്.

ഇതില്‍ പകുതിയിലേറെ നിലയങ്ങളിലും മൂന്നു ദിവസത്തെ ഉത്പാദനത്തിനുള്ള കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്നത്. സാധാരണ ഒരു മാസത്തേക്കുള്ള കല്‍ക്കരിയാണ് താപവൈദ്യുത നിലയങ്ങളുടെ ശേഖരത്തിലുണ്ടാകാറുള്ളത്. എന്നാല്‍, നിലവില്‍ ഇത് ഒരു ദിവസമായി കുറഞ്ഞിരിക്കുകയാണ്.

പല വൈദ്യുത നിലയങ്ങളിലും ശേഷിയുടെ 55 ശതമാനം മാത്രമാണ് നിലവില്‍ ഉല്‍പാദനം നടക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ എല്ലാ ദിവസവും കേരളത്തില്‍ 200 മെഗാവാട്ട് വൈദ്യുതിയാണ് കുറവുവന്നത്. ഇത് പകരം കണ്ടെത്തിയാണ് കേരളത്തില്‍ കാര്യങ്ങള്‍ പ്രശ്‌നമില്ലാതെ പോയത്.

വരും ദിവസങ്ങളിലും സ്ഥിതി ഇതു തുടര്‍ന്നാണ് കാര്യങ്ങള്‍ ഗുരുതരമാകും. കല്‍ക്കരി ക്ഷാമം രണ്ടുദിവസത്തിനുള്ളില്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഡല്‍ഹിയില്‍ വൈദ്യുതി വിതരണം മുടങ്ങിയേക്കുമെന്നു ഡല്‍ഹി ഊര്‍ജമന്ത്രി സത്യേന്ദ്ര ജെയിന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലയങ്ങളില്‍ കല്‍ക്കരി എത്തിക്കാന്‍ റെയില്‍വേയുടെ പ്രത്യേക വാഗണുകള്‍ അടിയന്തരമായി ക്രമീകരിക്കണമെന്നും മന്ത്രി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

തമിഴ്നാടും ഒഡീഷയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും വൈദ്യുതി വിതരണം മുടങ്ങുമെന്ന ആശങ്ക നേരത്തേ പങ്കുവച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളും കടുത്ത ആശങ്കയിലാണ്. അതിനിടെ, കല്‍ക്കരി വിതരണം വരും ദിവസങ്ങളില്‍ മെച്ചപ്പെടുമെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഇറക്കുമതി കല്‍ക്കരിയുടെ വില വര്‍ധനയടക്കമുള്ള കാര്യങ്ങളാണ് നിലവിലെ പ്രതിസന്ധിക്കു പിന്നില്‍. കല്‍ക്കരി മന്ത്രാലയത്തിന്റെ അധ്യക്ഷതയില്‍ മന്ത്രിതല ഉപസമിതി രണ്ടാഴ്ചയില്‍ ഒരിക്കല്‍ കല്‍ക്കരി ലഭ്യത വിലയിരുത്തുന്നുണ്ട്. അടുത്ത മൂന്നു ദിവസങ്ങളില്‍ 1.6 ദശലക്ഷം ടണ്‍ വീതം കല്‍ക്കരി ഊര്‍ജമേഖലയ്ക്ക് ഉറപ്പാക്കുമെന്നും കേന്ദ്രം പറയുന്നുണ്ട്.

അതിനിടെ രാജ്യം നേരിടുന്ന ഗുരുതരമായ കൽക്കരിക്ഷാമം കേരളത്തേയും ബാധിക്കുന്നു. ഊർജപ്രതിസന്ധി സംസ്ഥാനത്തെ ബാധിച്ചുകഴിഞ്ഞതായും ഇതിനെ നേരിടാൻ സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ ആയിരം മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. കൂടംകുളത്ത് നിന്ന് 30 ശതമാനം മാത്രമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. കൽക്കരി ക്ഷാമം ഉടൻ പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടാണ് പവർകട്ടിലേക്ക് പോകേണ്ടിവരുമെന്ന് പറയുന്നത്. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കെ.എസ്.ഇ.ബി കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ജനങ്ങൾ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ട്-മന്ത്രി പറഞ്ഞു.

Continue Reading