NATIONAL
കോൺഗ്രസിനെ അകറ്റി നിർത്തി പ്രതിപക്ഷസഖ്യം പ്രായോഗികമല്ലെന്ന് സിപിഎം
ന്യൂഡൽഹി :കോൺഗ്രസിനെ അകറ്റി നിർത്തി ദേശീയതലത്തില്‍ പ്രതിപക്ഷസഖ്യം പ്രായോഗികമല്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ വിലയിരുത്തി. നിലവിലെ സാഹചര്യത്തിൽ ഫെഡറൽ മുന്നണിയോ മൂന്നാം മുന്നണിയോ പ്രായോഗികമല്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
കണ്ണൂരിൽ അടുത്ത വർഷം നടക്കുന്ന പാർ ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് രൂപംനൽകുന്ന പി.ബി യോഗം ഡൽഹിയിൽ തുടരുകയാണ്. ഇന്ത്യയിൽ ഇപ്പോഴും മുഖ്യ പ്രതിപക്ഷപാർട്ടി കോണ്‍ഗ്രസ് തന്നെയാണ്. അതിനാല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി ഫെഡറൽ മുന്നണിയോ മൂന്നാം മുന്നണിയോ പ്രയോഗികമല്ല. ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് ഫലപ്രദം.
കർഷക – തൊഴിലാളി സമരങ്ങളാണ് ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. അതിനാൽ വർഗ സമരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വർഗ –ബഹുജന സംഘടനകൾ ജനക്ഷേമ വിഷയങ്ങളിൽ കൂടുതൽ ഇടപെടണം. ഇടതുപാർട്ടികളുടെ യോജിച്ചുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തണമെന്നും യോഗം വിലയിരുത്തി. കരട് രാഷ്ട്രീയ പ്രമേയത്തിന് ഈ മാസം 22ന് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം അന്തിമ രൂപം നല്‍കും.
