Connect with us

KERALA

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

Published

on

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ഇന്ന് രാവിലെ 7.29 നാണ് അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നത്. മൂന്നാം നമ്പര്‍ ഷട്ടറാണ് ആദ്യം ഉര്‍ത്തിയത്. തൊട്ടുപിന്നാലെ നാലാം ഷട്ടറും ഉയര്‍ത്തി.
രണ്ടു ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 267 ഘനയടി വെള്ളം വീതം 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയാണ്. ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം. 2018ലെ മഹാപ്രളയത്തിനുശേഷം ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നത്.
മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ.രാജനും തേക്കടിയില്‍നിന്നു ബോട്ടില്‍ മുല്ലപ്പെരിയാറിലെത്തി. കേരളം സുസജ്ജമെന്നും മുല്ലപ്പെരിയാര്‍ തുറന്നതില്‍ ആശങ്ക വേണ്ടെന്നും ഇരുവരും അറിയിച്ചു. പെരിയാറില്‍ ഏകദേശം 60 സെന്റിമീറ്ററില്‍ താഴെ മാത്രമേ ജലനിരപ്പ് ഉയരൂ. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി 350 കുടുംബങ്ങളിലെ 1079 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. അണക്കെട്ട് തുറന്നാല്‍ ആദ്യം വെള്ളമെത്തുന്ന ജനവാസമേഖലയായ വള്ളക്കടവിലാണ്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ വഴി ഇടുക്കി ഡാമില്‍ എത്തും.
മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം എത്തിയാല്‍ ഇടുക്കി ഡാമില്‍ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ, നിലവിലെ റൂള്‍ കര്‍വ് 2398.31 ആയതിനാല്‍ ഇടുക്കി ഡാമും തുറന്നേക്കും. ഇടുക്കിയില്‍ ഇന്നലെ രാത്രി 8നു ജലനിരപ്പ് 2398.30 അടിയാണ് (സമുദ്രനിരപ്പില്‍നിന്ന്). ഇന്ന് വൈകിട്ട് നാലിനോ നാളെ രാവിലെയോ ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ വീണ്ടും തുറന്നേക്കും
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച് 138 അടി പിന്നിട്ടതോടെയാണ് തമിഴ്‌നാട് രണ്ട് ഷട്ടറുകള്‍ തുറന്നത്. അതിനിടെ, മഴ ശക്തമായാല്‍ ഇടുക്കി അണക്കെട്ടും വെള്ളിയാഴ്ച വൈകീട്ടോടെ തുറക്കാനാണ് സാധ്യത. അതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടി എത്തിയതോടെ റെഡ് അലര്‍ട്ട് നല്‍കി.
2108ല്‍ അവസാനമായി മുല്ലപ്പെരിയാര്‍ അണക്കെട്ടു തുറന്നപ്പോള്‍ തീരങ്ങളെ ജലം മൂടിയതിന്റെ ആശങ്കകള്‍ ഇന്നും പ്രദേശത്തെ ജനങ്ങളുടെ മനസ്സിലുണ്ട്. അന്നു മുന്നറിയിപ്പു പോലുമില്ലാതെ സ്പില്‍വേകള്‍ തുറന്നതുമൂലമുണ്ടായ അപ്രതീക്ഷിത ദുരന്തങ്ങള്‍ ജില്ലാ ഭരണകൂടത്തെയും ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറ്റമറ്റ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുക മാത്രമല്ല, ആവശ്യത്തിനു ദുരിതാശ്വാസ ക്യാമ്പുകളും അധികൃതര്‍ തുറന്നിട്ടുണ്ട്.
ഏലപ്പാറ പഞ്ചായത്തില്‍ പെരിയാറിന്റെ തീരത്തു താമസിക്കുന്ന 73 കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. ഹെലിബറിയ വള്ളക്കടവിലാണ് കുടുംബങ്ങളെ മാറ്റിയത്. 73ല്‍ അഞ്ചു കുടുംബങ്ങളെ അടിയന്തര സുരക്ഷിത സ്ഥാനത്തേക്കും ബാക്കിയുള്ളവരെ ബന്ധു വീടുകളിലേക്കുമാണ് മാറ്റിയത്. പഞ്ചായത്ത് സെക്രട്ടറിയും വാര്‍ഡ് മെമ്പര്‍മാരും പ്രദേശം സന്ദര്‍ശിക്കുകയും തീരദേശവാസികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയുംചെയ്തു.
പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാനുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ വ്യാഴാഴ്ച രാവിലെ തുറന്നു. പീരുമേട്, ഇടുക്കി, ഉടുമ്പന്‍ചോല താലൂക്കുകളിലെ ഏഴു വില്ലേജുകളിലായി 20 ക്യാമ്പുകളാണ് തുറന്നത്. രാവിലെ ഏതാനും പേര്‍ ക്യാമ്പുകളില്‍ എത്തി. വൈകീട്ടോടെ കൂടുതല്‍പേര്‍ ക്യാമ്പിലെത്തി. വ്യാഴാഴ്ച രാവിലെ വാഹനത്തില്‍ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പും നല്‍കി. സര്‍ക്കാര്‍ സജ്ജീകരിച്ച ക്യാമ്പിലേക്കോ സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറണമെന്നായിരുന്നു അറിയിപ്പ്.
ആധാര്‍, റേഷന്‍കാര്‍ഡ് അടക്കമുള്ള രേഖകളും വസ്ത്രങ്ങളും അത്യാവശ്യ സാമഗ്രികളും കരുതണമെന്നും അറിയിപ്പുനല്‍കി. റവന്യൂ പഞ്ചായത്ത് പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം വീടുകളിലെത്തി നേരിട്ടും നിര്‍ദേശം നല്‍കി. ഭൂരിഭാഗം പേരും സന്നദ്ധരായെങ്കിലും മാറില്ലെന്നു പ്രതികരിച്ചവരുമുണ്ട്. വഴിവിളക്കുകള്‍ തെളിയിക്കാത്തതിലും പെരിയാര്‍ തീരങ്ങളിലെ റോഡുകള്‍ സഞ്ചാര യോഗ്യമാക്കാത്തതിലും ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും തട്ടിക്കയറുന്ന സംഭവങ്ങളും ഉണ്ടായി.

Continue Reading