Crime
പനി ബാധിച്ച കുട്ടിയ്‌ക്ക് ജപിച്ച് ഊതിയ വെള്ളം നൽകിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ

കണ്ണൂർ : ചികിത്സ കിട്ടാതെ കണ്ണൂർ സിറ്റി നാലുവയലിലെ പതിനൊന്നു വയസുകാരി മരിച്ച സംഭവത്തിൽ പിതാവുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ . നാലുവയലിലെ ഒരു പള്ളിയിൽ ഖത്തീബായ ഉവൈസ് ഉസ്താദ്, കുട്ടിയുടെ പിതാവ് സത്താർ എന്നിവരെയാണ് പൊലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്.
പനി ബാധിച്ച കുട്ടിക്ക് വ്യാജ ചികിത്സ നടത്തിയതിനും വൈദ്യസഹായം നിഷേധിച്ചതിനുമാണ് ഇരുവരുടെയും പേരിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.
പനി ബാധിച്ച കുട്ടിയ്‌ക്ക് ജപിച്ച് ഊതിയ വെള്ളം നൽകിയിരുന്നതായി പ്രതി സമ്മതിച്ചു.ഞായറാഴ്‌ചയാണ് കണ്ണൂർ സ്വദേശിനി എം.എ. ഫാത്തിമ പനി ബാധിച്ച് മരിച്ചത്. കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നടത്താതിരുന്നതും വ്യാജ ചികിത്സ നടത്തിയതുമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. ഇതോടെയാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു.