Crime
മുല്ലപ്പെരിയാർ മരംമുറിയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ സസ്‌പെൻഡിൽ വിശദീകരണം ചോദിച്ച് കേന്ദ്രം

ഇടുക്കി: മുല്ലപ്പെരിയാർ മരംമുറിയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്‌ത സംഭവത്തിൽ വിശദീകരണം ചോദിച്ച് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിർദേശം നൽകി.ഐ എഫ് എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യണമെങ്കിൽ കേന്ദ്രത്തിന്റെ അനുമതി വേണം. എന്നാൽ അതുണ്ടായില്ലെന്നും, ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ മാദ്ധ്യമ വാർത്തകളിൽ കൂടിയാണ് അറിഞ്ഞതെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്. സസ്പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ, സസ്പെൻഷനിലേക്ക് നയിച്ച കാര്യങ്ങൾ തുടങ്ങിയവ ഹാജരാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.അതേസമയം സസ്പെൻഷൻ കേന്ദ്രത്തിനെ മുൻകൂറായി അറിയിക്കേണ്ടതില്ലെന്നും, സസ്പെൻഷൻ ദീർഘിപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ മാത്രം മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യം അറിയിച്ചാൽ മതിയെന്നുമാണ് സർക്കാർ വാദം.