Connect with us

KERALA

ഹലാൽ എന്ന പദം ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് പിണറായി

Published

on


കണ്ണൂർ: ഇന്ത്യൻ സംസ്ക്കാരത്തെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്പ്പെടുത്തുന്ന നയമാണ് ഇപ്പോൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സി.പി.എം പിണറായി ഏരിയാ സമ്മേളനം ധർമ്മടം പാലയാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. മതനിരപേക്ഷതയെ പോലും അംഗീകരിക്കാൻ തയ്യാറാകാത്ത സമീപനമാണ് ബിജെപി സർക്കാരിൻ്റേത്. മുസ്ലീം ജനവിഭാഗത്തെ ഇന്ത്യൻ സമൂഹത്തിൽ  നിന്നും അന്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്ന രീതി ഇന്ത്യയിലുണ്ട്  . ഹലാൽ എന്നാൽ ഉപയോഗിക്കാൻ പറ്റുന്നതെന്നാണ്. ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനാണ് ഈ പദം ഇപ്പോൾ ഉപയോഗിക്കുന്നത്. രാജ്യവ്യാപകമായി ആരോപണങ്ങൾ ഉയർത്തി ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘ പരിവാറിൻ്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ വിശ്വാസികളും ആരാധനാലയങ്ങളിൽ എത്താറുണ്ട്. അതിനാൽ ക്ഷേത്രങ്ങളെല്ലാം ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ പാഠശാലയാക്കാനാണ് സംഘപരിവാർ ശ്രമമിക്കുന്നത് . നയപരമായി വ്യക്തതയുണ്ടെങ്കിലെ ബി ജെ പി യെ  പരാജയപ്പെടുത്താൻ കഴിയൂ. ഇതിനായി
ഇടതുപക്ഷം ഐക്യത്തോടെ നിന്ന് മറ്റു ജനാധിപത്യ ശക്തികളെയും ഒപ്പം കൂട്ടണം.പ്രക്ഷോഭങ്ങളിൽ വെള്ളം ചേർക്കുന്ന നിലപാട് പാടില്ല. കോൺഗ്രസിന് വ്യക്തമായ നിലപാടില്ല. അതിനാൽ അവർക്കൊപ്പം ചേരില്ല. വർഗീയതയെ  വർഗീയത കൊണ്ട് നേരിടാൻ ആവില്ലെന്നും മതനിരപേക്ഷതയിൽ ഊന്നി കൊണ്ടാവണം പ്രക്ഷോഭങ്ങൾ പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ചിറക്കുനി അബു ചാത്തുക്കുട്ടി നഗറിൽ ആലക്കണ്ടി രാജൻ പാർട്ടി പതാക ഉയർത്തിയതോടെയാണ് പിണറായി ഏരിയാ സമ്മേളനത്തിന് തുടക്കമായത്.  പ്രതിനിധി സമ്മേളനം സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കെ മനോഹരൻ അധ്യക്ഷനായി. കെ കെ രാജീവ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ രാഗേഷ്, എ എൻ ഷംസീർ എം എൽ എ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി ഹരീന്ദ്രൻ, വത്സൻ പനോളി, ടി കെ ഗോവിന്ദൻ ജില്ലാ കമ്മിറ്റി അംഗം പി ബാലൻ, കെ മനോഹരൻ  തുടങ്ങിയവർ സംബന്ധിച്ചു. ഞായറാഴ്ച വൈകിട്ട് നടക്കുന്ന വെബ്  റാലിയോടെയാണ് സമ്മേളനത്തിന് സമാപനമാവുക

Continue Reading