Crime
പൊലീസ് യൂണിഫോമിന് ചില ഉത്തരവാദിത്വങ്ങളുണ്ടെന്നും എല്ലാ പൊലീസുകാരും അത് മനസിലാക്കണമെന്നും കോടതി

കൊച്ചി: ആറ്റിങ്ങലിലെ പിങ്ക് പൊലീസ് പിഞ്ചുകുട്ടിയെ വിചാരണ ചെയ്ത വിഷയത്തിൽ പൊലീസിന് നേരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കുട്ടിയെ പരസ്യവിചാരണ ചെയ്‌തതെന്തിനെന്ന് കോടതി ചോദിച്ചു. കുട്ടിയെ വിചാരണ ചെയ്‌ത പൊലീസുകാരി ഒരു സ്‌ത്രീയല്ലേയെന്ന് ചോദിച്ച കോടതി ഒരു മൊബൈൽ ഫോണിന്റെ വില പോലും കുട്ടിയുടെ ജീവനില്ലേ എന്ന് ചോദ്യം ഉന്നയിച്ചു. പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയത് ശിക്ഷാ നടപടിയാണോയെന്നും സ്ഥലംമാറ്റിയതിന്റെ കാരണം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോയെന്ന് ചോദിച്ച കോടതി കാക്കിയുടെ അഹങ്കാരമാണ് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെന്ന് അഭിപ്രായപ്പെട്ടു. കാക്കി ഇട്ടിരുന്നില്ലെങ്കിൽ പൊലീസുകാരിക്ക് അടി കിട്ടുമായിരുന്നുവെന്നും ഇങ്ങനെയാണോ പെരുമാറുന്നതെന്നും കോടതി വിമർശിച്ചു. സംഭവത്തിൽ ഡിജിപിയോട് കോടതി റിപ്പോർട്ട് തേടി. പൊലീസിന് നേരെ രൂക്ഷവിമർശനവും ഹൈക്കോടതി നടത്തി. പൊലീസ് ഇത്തരത്തിലായതുകൊണ്ട് ഇവിടെ ആത്മഹത്യ ഉണ്ടാകുന്നു. പൊലീസിനോട് തിരിച്ചെന്തെങ്കിലും പറഞ്ഞാൽ കേസെടുക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി വിമർശിച്ചു. പൊലീസ് യൂണിഫോമിന് ചില ഉത്തരവാദിത്വങ്ങളുണ്ടെന്നും എല്ലാ പൊലീസുകാരും അത് മനസിലാക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.