Connect with us

HEALTH

യുഎഇയിലും അമേരിക്കയിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു

Published

on


റിയാദ്: സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ (Omicron virus) സ്ഥിരീകരിച്ചു. യുഎഇയിൽഎത്തിയ ആഫ്രിക്കൻ (Africa) വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമിക്രോൺ കണ്ടെത്തിയ സ്ത്രീയെ ഐസൊലേറ്റ് ചെയ്തതായും കർശ നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു. 

ഇവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കി വരികയാണ്. ഏത് സാഹചര്യവും നേരിടാൻ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ്​റ്റർ ഡോസ്​ ഉൾപ്പെടെ എല്ലാവരും വാക്സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കയിൽ കാലിഫോർണിയയിൽ നവംബർ 22ന് എത്തിയ ആഫ്രിക്കൻ സ്വദേശിയിലാണ് ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയത്. 29നാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

നേരത്തെ സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെയും ക്വാറന്‍റീന്‍ ചെയ്തിട്ടുണ്ട്. 

പതിനാല് ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് ഏർപ്പെടുത്തുന്നതിന് മുൻപ് സൗദിയിൽ എത്തിയതാവാം ഇദ്ദേഹം എന്നാണ് സൂചന. പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ  ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഏത് അവസ്ഥയെയും നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്നും അധികൃതർ അറിയിച്ചു. എല്ലാവരും വാക്‌സിനേഷൻ പൂർത്തിയാക്കണമെന്നും പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.  

ഒമിക്രോൺ വകഭേദത്തിനെതിരെ വാക്സീൻ ഫലപ്രദമാകുമെന്നാണ് ആദ്യ ഗവേഷണ ഫലങ്ങൾ നൽകുന്ന സൂചനയെന്ന് ഇസ്രായേൽ അറിയിച്ചു. ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്‌താൽ ഇരട്ടിയോളം പകർച്ചാശേഷി ഒമിക്രോണിന് ഉണ്ടെന്നും ഇസ്രായേൽ ഗവേഷകർ വെളിപ്പെടുത്തി. ഇപ്പോഴുള്ള വാക്‌സീനുകൾ ഒമിക്രോണിനെതിരെ ഫലിക്കില്ലെന്ന് ഇന്നലെ മോഡേണ കമ്പനിയുടെ മേധാവി അഭിപ്രായപ്പെട്ടിരുന്നു. ഈ വാദം തള്ളിയാണ് ഇസ്രായേൽ വെളിപ്പെടുത്തൽ.

Continue Reading