Connect with us

HEALTH

കോവിഷീൽഡ് വാക്സീൻ രണ്ടാം ഡോസ് എടുക്കാനുള്ള ഇടവേള നാലാഴ്ചയായി കുറച്ച ഉത്തരവ് റദ്ദാക്കി

Published

on

കൊച്ചി∙ കോവിഷീൽഡ് വാക്സീൻ രണ്ടാം ഡോസ് എടുക്കാനുള്ള ഇടവേള 12 ആഴ്ചയിൽ നിന്നു നാലാഴ്ചയായി കുറച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്  ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേന്ദ്ര സർക്കാരിന്റെ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഉത്തരവ്. സിംഗിൾ ബെഞ്ച് ഉത്തരവ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണു നടപടി. വാക്സീൻ ഇടവേള 12 ആഴ്ചയായി നിശ്ചയിച്ചത് ശാസ്ത്രീയ പഠനത്തിനു ശേഷമാണ് എന്ന കേന്ദ്ര സർക്കാർ വാദം കോടതി അംഗീകരിച്ചു
ആദ്യ ഡോസ് എടുത്ത് 12 ആഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് കോവിഷീൽഡ് വാക്സീൻ എടുക്കാനാണ് കേന്ദ്രസർക്കാർ അനുമതി. ഇതിനെതിരെ ഒന്നാം ഡോസ് എടുത്തു നാലാഴ്ച കഴിഞ്ഞ ജീവനക്കാർക്ക് രണ്ടാം ഡോസ് എടുക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കിറ്റെക്സ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ ഡോസ് സ്വീകരിച്ചു നാലാഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് എടുക്കാൻ സാധിക്കുംവിധം കോവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവിൽ നിർദേശിച്ചിരുന്നത്. ഇതു നടപ്പാക്കാത്ത വിവരം ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. കിറ്റെക്സ് ജീവനക്കാർ ആദ്യ ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞതിനെ തുടർന്നു രണ്ടാം ഡോസ് സ്വീകരിച്ചിരുന്നു.
കേന്ദ്ര വാക്സീൻ പോളിസി പ്രകാരം ഇടവേളചുരുക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. ആദ്യ ഡോസ് സ്വീകരിച്ച് 12 മുതൽ 16 ആഴ്ച വരെ ഇടവേള വേണമെന്നാണ് ശാസ്ത്രീയ പഠനം. 28 ദിവസം കഴിഞ്ഞു രണ്ടാം ഡോസ് എടുക്കുന്നത് ശാസ്ത്രീയമല്ലെന്നും ഫലപ്രദമാകില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ അപ്പീലിൽ അറിയിച്ചിരുന്നത്.

Continue Reading