Connect with us

HEALTH

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത് 1000 ലേറേ കോവിഡ് പോസിറ്റീവ് രോഗികൾ

Published

on

കണ്ണൂർ (പരിയാരം) : കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആകെ ചികിത്സ തേടിയ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം ആയിരം കടന്നു. 24 മണിക്കൂറിനിടെ 17 പുതിയ പോസിറ്റീവ് രോഗികൾക്കൂടി ചികിത്സ തേടിയെത്തിയതോടെ 1006 ആയാണ് ആകെ ചികിത്സ തേടിയ രോഗികളുടെ എണ്ണം മാറിയത്. ഇതിൽ രോഗമുക്തി നേടി ഡിസ്ചാർജ്ജായ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ, നിലവിൽ ചികിത്സയിലുള്ള സണ്ണി ജോസഫ് എം.എൽ.എ എന്നിവരുൾപ്പടെയുണ്ട്.

സംസ്ഥാനത്താദ്യമായി കോവിഡ് പോസിറ്റീവ് ഗർഭിണി സിസേറിയൻ വഴി കുഞ്ഞിന് ജന്മം നൽകിയത് പരിയാരത്തായിരുന്നു. അതിവ ഗുരുതരാവസ്ഥയിലെത്തിയ കോവിഡ് പോസിറ്റീവായ ഗർഭിണിയായ യുവതിക്ക് ഒരേ സമയം കോവിഡിനും ഗർഭാവസ്ഥയിലുള്ള ചികിത്സയ്ക്കും അടിയന്തിര ചികിത്സ ലഭ്യമാക്കിയാണ് അന്ന് അമ്മയേയും കുഞ്ഞിനേയും രക്ഷപ്പെടുത്തിയത്. സംസ്ഥാനത്തുതന്നെ കൂടുതൽ കോവിഡ് ബാധിച്ച ഗർഭിണികൾ ചികിത്സ തേടിയ ആശുപത്രി കൂടിയാണ് പരിയാരത്തേത്. കോവിഡ് ബാധിച്ച 80 വയസ്സ് പിന്നിട്ടവരും പിഞ്ചുകുഞ്ഞുങ്ങളും വരെ ഇതിനോടകം കോവിഡ് രോഗമുക്തി നേടുകയുണ്ടായി. പ്ലാസ്മാ തെറാപ്പി പോലുള്ള അത്യാധുനികവും സങ്കീർണ്ണവുമായ ചികിത്സയും Remdesivir, Tocilizumab തുടങ്ങിയ വിലകൂടിയ മരുന്നുകളും ചികിത്സയ്ക്കായി പരിയാരത്ത് ഉപയോഗിക്കുന്നു. കോവിഡ് രോഗികൾക്കും സസ്‌പെ ക്ടിനും ചികിത്സയ്‌ക്കൊപ്പം കമ്യൂണിറ്റി കിച്ചൺ വഴി സൗജന്യ ഭക്ഷണവും ലഭ്യമാക്കിവരുന്നു. കണ്ണൂർ ജില്ലയ്ക്ക് പുറമേ, കാസർഗോഡ്, വയനാട് ജില്ലയുടെ ഒരുഭാഗം എന്നിവിടങ്ങളിൽ നിന്നുള്ള ഗുരുതരാവസ്ഥയിലുള്ള സി-കാറ്റഗറിയിൽ വരുന്ന കോവിഡ് രോഗികളെയാണ് ചികിത്സയ്ക്കായി പരിയാരത്ത് എത്തിക്കുന്നത്.

കണ്ണൂർ ജില്ലയിൽ നിന്നും 700 കോവിഡ് പോസിറ്റീവ് രോഗികളാണ് ഇതുവരെ പരിയാരത്ത് ചികിത്സിച്ചത്. കാസർഗോഡ് 286, കോഴിക്കോട് 6, വയനാട് 4, മലപ്പുറം 3, പാലക്കാട് 1, എറണാകുളം 1 എന്നിങ്ങനേയും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിൽ നിന്നും 3 പേരും (ഇതിൽ 2 പേർ മാഹിയിൽ നിന്നുള്ളവർ) കർണ്ണാടകം, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നും ഓരോരുത്തരും കോവിഡ് പോസിറ്റീവായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സ തേടുക യുണ്ടായി. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ, മറ്റ് അസുഖങ്ങൾക്കൊപ്പം കോവിഡും ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ള സി-കാറ്റഗറിയിൽ പെട്ട രോഗികളെയാണ് പരിയാരത്ത് പൊതു വിൽ പ്രവേശിപ്പിക്കുന്നത്.

സി.എഫ്.എൽ.ടി.സിയിലെ 23 പേരുൾപ്പടെ 212 കോവിഡ് പോസിറ്റീവ് രോഗികളാണ് ഇപ്പോൾ പരിയാരത്ത് ചികിത്സയിലുള്ളത്. ഇതിൽ 38 പേർ ഐ.സി.യുവിലാണ്. 20 പേർ ഗുരുതരാവസ്ഥ യിലാണ്. അതിൽത്തന്നെ 15 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ഇതിനുപുറമേ, കോവിഡ് സംശയിക്കുന്ന 36 പേർ കോവിഡ് സസ്‌പെക്ട് സ്‌പെഷ്യൽ വാർഡിലും ചികിത്സയിലുണ്ട്.

കോവിഡ് അതിവ്യാപന പ്രതിരോധ പ്രവർത്തനങ്ങൾ കുടുതൽ ശക്തമാക്കേണ്ടുന്ന സാഹചര്യ മാണ് മുന്നിലുള്ളത് എന്നതിനാൽ പൂർണ്ണമായും മാസ്‌ക് ധരിക്കുന്നതും സോപ്പുപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ അണുവിമുക്തമാക്കേണ്ടതും സാമൂഹിക അകലം ഉൾപ്പടെ പാലിക്കേണ്ടതും ഓരോരുത്തരും പാലിക്കേണ്ട ജാഗ്രതയും ഉത്തരവാദിത്തവുമാണെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപ് അറിയിച്ചു.

Continue Reading