Connect with us

KERALA

കേരള പൊലീസിനായുള്ള ഹെലികോപ്റ്റര്‍ വാടക കരാര്‍ ഡല്‍ഹി ആസ്ഥാനമായ ചിപ്‌സണ്‍ ഏവിയേഷന്

Published

on

തിരുവനന്തപുരം: കേരള പൊലീസിനായുള്ള ഹെലികോപ്റ്റര്‍ വാടക കരാര്‍ ഡല്‍ഹി ആസ്ഥാനമായ ചിപ്‌സണ്‍ ഏവിയേഷന് . ഇന്നലെ തുറന്ന സാമ്പത്തിക ബിഡില്‍ ഏറ്റവും കുറഞ്ഞ തുക നല്‍കിയ ചിപ്‌സണ് കരാര്‍ നല്‍കാന്‍ ഡിജിപി അധ്യക്ഷനായ ടെണ്ടര്‍ കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.
പ്രതിമാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് ചിപ്‌സണ്‍ നല്‍കിയത്. 20 മണിക്കൂര്‍ കഴിഞ്ഞ ഓരോ മണിക്കൂറും പറക്കാന്‍ 90,000 രൂപ അധികം നല്‍കണം. മൂന്നു വര്‍ഷത്തേക്കാണ് ആറ് സീറ്റുള്ള ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നത്.
ടെണ്ടര്‍ ഇല്ലാതെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ പവന്‍ ഹന്‍സെന്ന കമ്പനിക്ക് ഹെലികോപ്റ്റര്‍ വാടക കരാര്‍ നല്‍കിയത്. പ്രതിമാസം പറക്കാന്‍ ഒരു കോടി നാല്‍പത് ലക്ഷവും നികുതിയുമാണ് നല്‍കിയത്. ഒരു വര്‍ഷത്തെ കരാര്‍ പ്രകാരം 22.21 കോടിയാണ് സര്‍ക്കാര്‍ പവന്‍ ഹന്‍സിന് നല്‍കിയത്. പുതിയ കരാറോടെ പവന്‍ ഹന്‍സിന് ടെണ്ടര്‍ ഇല്ലാതെ കരാര്‍ നല്‍കിയതുവഴി സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്.
കൊവിഡ് ഒന്നാം തരംഗ കാലമായ 2020 ഏപ്രിലിലാണ് പൊലീസിന്റെ അടിയന്തരാവശ്യത്തിനെന്ന പേരില്‍ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരുമായി ഡല്‍ഹിയിലെ പൊതുമേഖലാ സ്ഥാപനമായ പവന്‍ഹന്‍സില്‍ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്ടര്‍ വാടകക്കെടുത്തത്. ഇരുപത് മണിക്കൂര്‍ പറത്താന്‍ 1.44 കോടി വാടകയും അതില്‍ കൂടുതലായാല്‍ മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു കണക്ക്.
മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ ഈ സാഹചര്യങ്ങളിലൊന്നും ഹെലികോപ്ടറിന്റെ ഉപയോഗം നടന്നില്ല. മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും യാത്രകള്‍ക്കും അവയവദാനത്തിനുമായി ചുരുക്കം ചില യാത്രകളൊഴിച്ചാല്‍ മറ്റൊന്നിനും ഹെലികോപ്റ്റര്‍ ഉപയോഗിച്ചില്ല. പെട്ടിമുടി ദുരന്തം ഉണ്ടായപ്പോള്‍ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റര്‍ ഉപയോഗിച്ചില്ല. താഴ്ന്ന് പറക്കാനാകാത്തതിനാല്‍ മാവോയിസ്റ്റ് പരിശോധനയും നടന്നില്ല.
11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്ററിന്റെ വാടയായി സര്‍ക്കാരിന് ഒരു വര്‍ഷം നല്‍കേണ്ടിവന്നത് 22.21 കോടിയാണ്. ഇതിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഹെലികോപ്റ്റര്‍ നല്‍കാമെന്നും ടെണ്ടര്‍ വിളിക്കണമെന്നും ആവശ്യപ്പെട്ട് ചിപ്‌സണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചുവെങ്കിലും എല്ലാം തള്ളുകയായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്ത പവന്‍ ഹന്‍സിന് വേണ്ടി ഇടപെട്ടതും വിവാദമയിരുന്നു. പക്ഷെ സര്‍ക്കാര്‍ കരാറുമായി മുന്നോട്ടുപോയി.
ഒരു പക്ഷെ അന്ന് ടെണ്ടര്‍ വിളിച്ചിരുന്നുവെങ്കില്‍ പവന്‍ ഹന്‍സിന് നല്‍കിയതിനേക്കാള്‍ കുറഞ്ഞ തുകയ്ക്ക് കരാര്‍ ഉറപ്പിക്കാമായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടിയിലും വീണ്ടും ഹെലികോപ്റ്റര്‍ ടെണ്ടര്‍ വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ആറു സീറ്റില്‍ കൂടുതലുള്ള ഹെലികോപറ്ററുള്ള കമ്പനികളെയാണ് ടെണ്ടറിലേക്ക് കക്ഷണിച്ചത്. ഈ ടെണ്ടറിലും പവന്‍സ് ഹന്‍സിന് അനുകൂലമായ ടെണ്ടര്‍ വ്യവസഥകള്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. ടെണ്ടറിലെ തട്ടിപ്പ് പുറത്തുവന്നതോടെ വിവാദ വ്യവസ്ഥകള്‍ സര്‍ക്കാര്‍ മാറ്റി. പുതിയ ടെണ്ടറിലാകട്ടെ പവന്‍ ഹന്‍സ് പങ്കെടുത്തുമില്ല.

Continue Reading