Education
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം’ പ്രതിഷേധത്തിനും ഇട നൽകുന്നു

കോഴിക്കോട്: സോഷ്യല്‍മീഡിയയില്‍ പ്രധാന ചര്‍ച്ചാവിഷയമായ ‘ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം’ പ്രതിഷേധത്തിനും ഇട നൽകി. സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്ക്കും ഒരേരീതിയിലുള്ള യൂണിഫോം എന്നതാണ് ആശയത്തിന്റെ പ്രത്യേകത.
എറണാകുളം ജില്ലയിലെ വളയന്‍ചിറങ്ങര ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളാണ് സംസ്ഥാനത്ത് ആദ്യമായി യൂണിസെക്‌സ് യൂണിഫോം ആശയം നടപ്പാക്കിയത്. എന്നാല്‍ സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്കും വ്യാപിപ്പിക്കുകയാണ്.
കോഴിക്കോട് ബാലുശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സിലെ വിദ്യാര്‍ത്ഥികളാണ് ആശയത്തില്‍ പങ്കാളികളായിരിക്കുന്നത്. ‘ഒരേ സ്വാതന്ത്ര്യം, ഒരേ സമീപനം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈനായി നിര്‍വഹിക്കുന്നതിനിടെയാണ് പ്രതിഷേധവും ഉടലെടുത്തത്.
സ്‌കൂളുകളില്‍ ‘ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം’ എന്നത് പ്രശംസനീയമായ നടപടിയാണെന്നും ലിംഗഭേദമില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രല്‍ യോണിഫോം സ്‌കൂളുകളില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ സ്‌കൂളുകളിലും ഈ സംവിധാനം നടപ്പാക്കണമോയെന്ന് അതാത് സ്‌കൂളുകളിലെ പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷനും തദ്ദേശ സ്ഥാപനങ്ങളും തീരുമാനിച്ചു നടത്തും. കോഴിക്കോട് ബാലുശ്ശേരിയിലെ സ്‌കൂളില്‍ ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയതിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
ഈ ആശയത്തിന് എതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടന എംഎസ്എഫ് രംഗത്തുവന്നിട്ടുണ്ട്. സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പുതിയ യൂണിഫോമണിഞ്ഞ് കുറച്ചു കുട്ടികള്‍ ചൊവ്വാഴ്ച സ്‌കൂളിലെത്തിയതോടെ, പ്രതിഷേധവുമായി എംഎസ്എഫ് പ്രവർത്തകരുമെത്തിയിരുന്നു.
കൂടിയാലോചിക്കാതെയാണ് തീരുമാനമെന്നും വസ്ത്ര സ്വാതന്ത്ര്യത്തിലുളള കടന്നുകയറ്റമെന്നും എംഎസ്എഫ് ആരോപിക്കുന്നു. എന്നാല്‍ രക്ഷിതാക്കള്‍ക്കോ, കുട്ടികൾക്കോ ഇല്ലാത്ത ആശങ്കയാണ് എതിർക്കുന്നവര്‍ക്കെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. സംഭവം വലിയ ചര്‍ച്ചകളിലേക്കാണ് വഴി തുറന്നിരിക്കുന്നത്.