Crime
ശിവശങ്കറിനെയും സ്വപ്‌നയെയും ഒന്നിച്ചിരുത്തി എന്‍.ഐ.എ ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഐഎ ഓഫിസില്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നീ പ്രതികള്‍ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നതിനാണ് ശിവശങ്കറിനെ ഇന്ന് വിളിപ്പിച്ചിരിക്കുന്നത് .എന്‍.ഐ.എ കസ്റ്റഡിലുള്ള സ്വപ്ന സുരേഷിനെയും എന്‍ഐഎ ഓഫിസില്‍ കൊണ്ട് വന്നിട്ടുണ്ട്.
രണ്ടു ദിവസം മുന്‍പ് സ്വപ്ന സുരേഷിനെയും നേരത്തെ സന്ദീപ് നായരെയും എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെയും ഇവരുടെ ലാപ്‌ടോപ്, മൊബൈല്‍ഫോണ്‍ എന്നിവയില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെയും ബലത്തിലാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സ്വര്‍ണ്ണ കടത്തിനെക്കുറിച്ചും നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ശിവശങ്കറിനെ ഉടനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും എന്‍.ഐ.എ നടത്തുകയാണെന്നാണ് വിവരം.