KERALA
സി. ആപ്പ്റ്റിലെ വാഹനത്തിലെ ജി.പി.എസ് പ്രവർത്തന രഹിതമാക്കിയത് കള്ളക്കടത്ത് നടത്താനെന്ന് എൻ.ഐ.എ

കൊച്ചി: നയതന്ത്ര പാഴ്‌സില്‍ എത്തിയ ഖുറാനൊപ്പം സ്വര്‍ണക്കടത്ത് നടന്നതായി കസ്റ്റംസിന് പിന്നാലെ എന്‍ഐഎയ്ക്കും സംശയം ബലപ്പെടുന്നു. ഖുറാന്റെ തൂക്ക വ്യത്യാസത്തിന് പിന്നാലെ അതു കൊണ്ടുപോയ രീതിയാണ് എന്‍ഐഎയ്ക്ക് സംശയത്തിന് കാരണമായത്. കഴിഞ്ഞ ദിവസം സി-ആപ്പ്റ്റില്‍ നടത്തിയ പരിശോധനയില്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു.
നേരത്തെ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞതനുസരിച്ച് ഖുറാന്‍ കൊണ്ടുപോകാന്‍ സിആപ്റ്റിന്റെ വാഹനം വിട്ടുകൊടുത്തത് മന്ത്രി കെടി ജലീലിന്റെ നേരിട്ടുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു. കോണ്‍സുലേറ്റില്‍ നിന്നും എത്തിച്ച ഖുറാന്റെ വിശദാംശങ്ങള്‍ പക്ഷേ സിആപ്റ്റില്‍ ചേര്‍ത്തിട്ടില്ല. അതുകൊണ്ടുതന്നെ മന്ത്രി അവകാശപ്പെടുന്ന 31 പാക്കറ്റുകള്‍ മാത്രമാണ് കൊണ്ടുപോയതെന്ന കാര്യം എന്‍ഐഎ പൂര്‍ണമായി വിശ്വസിക്കുന്നില്ല.
ഇതിനു പുറമെയാണ് സി ആപ്പ്റ്റിലെ വാഹനത്തിന്റെ ജിപിഎസില്‍ ക്രമക്കേട് നടന്നതായും സംശയം ഉയരുന്നത്. വാഹനത്തിന്റെ ഓട്ടത്തിനിടെ ജിപിഎസ് തകരാറിലായെന്നാണ് സിആപ്റ്റ് അധികൃതര്‍ പറയുന്നത്. എന്നാല്‍ 2017ല്‍ സി ആപ്റ്റിലെ വാഹനത്തില്‍ ജിപിഎസ് ഘടിപ്പിച്ചതിന് ശേഷം കഴിഞ്ഞയാഴ്ചവരെ ഒരു തകരാറുപോലും ഉണ്ടായതായി ജിപിഎസ് സംവീധാനം ഘടിപ്പിച്ച കെല്‍ട്രോണിന് പരാതി ലഭിച്ചിട്ടില്ല.
ഇതേ വാഹനം തിരികെ തിരുവനന്തപുരത്തെത്തിയ ശേഷം വീണ്ടും ജിപിഎസ് പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഇതും എന്‍ഐഎയുടെ സംശയം കൂട്ടുന്നുണ്ട്. ഉന്നത ഇടപെടല്‍ തന്നെയാണ് ഈ ജിപിഎസ് തകരാറിന് പിന്നിലെന്നും എന്‍ഐഎ സംശയിക്കുന്നുണ്ട്.സാധാരണഗതിയില്‍ വാഹനത്തിന്റെ ബാറ്ററിയുമായാണ് ജിപിഎസിനെ ബന്ധിപ്പിച്ചിരിക്കുന്നത്. ഈ ബന്ധം വിച്ഛേദിച്ചാലും ആറു മണിക്കൂര്‍ കൂടി ജിപിഎസ് പ്രവര്‍ത്തിക്കും. തൃശൂരില്‍ നിന്നാണ് ജിപിഎസ് കണക്ഷന്‍ കിട്ടാതായത്.
അതിനാൽ തലസ്ഥാനത്തുനിന്നും പുറപ്പെട്ടപ്പോള്‍ തന്നെ ജിപിഎസ് ബന്ധം വിച്ഛേദിച്ചതെന്നാണ് സൂചന. ഇതിനു പുറമെ ആലപ്പുഴയില്‍ വാഹനം കുറച്ചുനേരം വെറുതെ നിര്‍ത്തിയിട്ടതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതും ഈ ആറു മണിക്കൂര്‍ സമയം ലഭിക്കാന്‍ വേണ്ടിയാണെന്നും വിലയിരുത്തപ്പെടുന്നു.