Crime
ബിന്ദു അമ്മിണിയെ ആക്രമിച്ചയാൾ അറസ്റ്റിൽ

കോഴിക്കോട്∙ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചില്‍വച്ച് ആക്രമിച്ചയാൾ അറസ്റ്റിൽ. വെള്ളയിൽ സ്വദേശി മോഹൻദാസിനെ വെള്ളയിൽ പൊലീസാണ് അറസ്റ്റു ചെയ്തത്. കീഴടങ്ങാനായി പ്രതി വീട്ടിൽനിന്നിറങ്ങുന്നതിനിടെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്യുകയായിരുന്നു.
അതിനിടെ മോഹൻ ദാസിന്റെ ഭാര്യ ബിന്ദു അമ്മിണിക്കെതിരെ പോലീസിൽ പരാതി നൽകി. തന്റെ ഭർത്താവിനെ പ്രകോപനം കൂടാതെ അക്രമിച്ചെന്നും മൊബൈൽ ഫോൺ തകർത്തെന്നുമാണ് പരാതി.
ഇന്നലെ വൈകിട്ട് 5.30നാണ് സംഭവമുണ്ടായത്. ഒരു പ്രകോപനവുമില്ലാതെ പ്രതി ആക്രമിക്കുകയായിരുന്നുവെന്നു ബിന്ദു അമ്മിണി ആരോപിച്ചിരുന്നു. ആക്രമിക്കുന്നതിന്റെ വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. അക്രമങ്ങൾക്കെതിരെ ഇനി തിരിച്ചടിക്കാനാണു തീരുമാനമെന്നു ബിന്ദു പറയുന്നതും ഇയാളുടെ ഫോൺ എറിഞ്ഞു തകർക്കുന്നതും ദൃശ്യങ്ങളിലുണ്ട്.ആക്രമണത്തിനിടെ ബിന്ദു അമ്മിണി മോഹന്‍ദാസിനെ മർദിച്ചിരുന്നു. ആരുടെ ഭാഗത്തുനിന്നാണ് ആദ്യം പ്രകോപനമുണ്ടായതെന്നു വ്യക്തമല്ല. സംഭവമുണ്ടായപ്പോൾ പൊലീസ് സ്ഥലത്തെത്തി രണ്ടുപേരെയും പിന്തിരിപ്പിച്ചു വിടുകയായിരുന്നു.