Connect with us

HEALTH

ഒമിക്രോൺ അപകടകാരിയല്ലെന്ന വാദങ്ങൾ തള്ളി ലോകാരോഗ്യ സംഘടന

Published

on


ജനീവ: കോവിഡ് 19ന്റെ വകഭേദമായ ഒമിക്രോൺ  അപകടകാരിയല്ലെന്ന വാദങ്ങൾ തള്ളി ലോകാരോഗ്യ സംഘടന. മുൻ വകഭേദങ്ങളെപ്പോലെതന്നെ ഒമിക്രോണും അപകടകാരിയാണെന്നും  രോഗികളെ വലിയതോതിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങൾക്കിടയാക്കുകയും ചെയ്യുമെന്നും ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പുനൽകി.
ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ ആളുകളിലേക്ക് ഒമിക്രോൺ വ്യാപിക്കുന്നുണ്ട്. ലോകത്ത് പലയിടത്തും ആശുപത്രികൾ നിറഞ്ഞുകവിയുന്ന അവസ്ഥയുണ്ട്. വാക്സിൻ സ്വീകരിച്ചവരിൽ ഡെൽറ്റയേക്കാൾ കുറച്ച് ആരോഗ്യപ്രശ്നം മാത്രമേ ഒമിക്രോൺ സൃഷ്ടിക്കുന്നുള്ളൂവെന്നതുകൊണ്ട് ഒമിക്രോണിനെ നിസാരമായി കാണാൻ കഴിയില്ലെന്നുംl ഡബ്ല്യൂ.എച്ച്.ഒ മേധാവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മറ്റ് വകഭേദങ്ങളെപ്പോലെ ആളുകളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നുണ്ടെന്നും മുന്നറിയിപ്പിൽ അദ്ദേഹം വ്യക്തമാക്കി.ഒമിക്രോൺ വകഭേദത്തോടെ കോവിഡ് അവസാനിക്കുമെന്ന് പറയാൻ കഴിയില്ലെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പിൽ പറയുന്നു. വാക്സിനുകൾ എല്ലായിടത്തും എത്തിച്ചേരാത്തത് പുതിയ വകഭേദങ്ങളുണ്ടാകുന്നതിന് കാരണമായി മാറിയിട്ടുണ്ട്. സമ്പന്ന രാജ്യങ്ങൾ ഇനിയെങ്കിലും മറ്റ് രാജ്യങ്ങളുമായി വാക്സിൻ പങ്കുവയ്ക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യ സംഘടനയിൽ ആകെ 194 രാജ്യങ്ങളുള്ളതിൽ 92 രാജ്യങ്ങൾക്കും 2021 അവസാനത്തോടെ ലക്ഷ്യമിട്ടിരുന്ന വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading