Connect with us

Crime

ധീരജിന് ആയിരങ്ങളുടെ അന്ത്യാജ്ഞലി

Published

on

കണ്ണൂര്‍: ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളേജില്‍ കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ച എസ്.എഫ്.ഐ നേതാവ് ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംസ്‌കാരം നടത്തിയത്. തളിപ്പറമ്പിലെ ധീരജിന്റെ വീടിനോട് ചേര്‍ന്ന് സിപിഎം വാങ്ങിയ എട്ട് സെന്റ് സ്ഥലത്താണ് സംസ്‌കാരം നടത്തിയത്.

സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലും ധീരജ് പഠിച്ചിരുന്ന കോളേജിലും പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വിലാപയാത്രയായി ഉച്ചയോടെ ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ട് പോയത്.
രാത്രി 12.30ന് തളിപ്പറമ്പ് സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിച്ചു. ആയിരക്കണക്കിന് നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ഇവിടെ ധീരജിനെ അവസാനമായി കാണാന്‍ എത്തിയിരുന്നു. ഇതിന് ശേഷം അന്തിമ കര്‍മങ്ങള്‍ ചെയ്യുന്നതിനായി വീട്ടിലെത്തിച്ച് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു. ധീരജിന്റെ മൃതദേഹം സ്വന്തം വീട്ടിലെത്തിച്ചപ്പോള്‍ മാതാപിതാക്കളേയും സഹോദരനേയും ആശ്വസിപ്പിക്കാന്‍ കഴിയാതെ കണ്ടുനിന്നവര്‍ ബുദ്ധിമുട്ടി.
ഇടുക്കിയില്‍ നിന്ന് തളിപ്പറമ്പ് വരെ വഴിനീളെ ആയിരക്കണക്കിനാളുകളും പാര്‍ട്ടി പ്രവര്‍ത്തകരും കാത്തുനിന്നു. പൊതുദര്‍ശനം നിശ്ചയിച്ചിരുന്ന ഓരോ കേന്ദ്രങ്ങളിലും ജനക്കൂട്ടം വിചാരിച്ചതിലും അതികമായി എത്തിയതോടെയാണ് അഞ്ച് മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്‌കാരം രാത്രി വൈകാന്‍ കാരണം. വഴി നീളെ കാത്തുനിന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചാണ് ധീരജിന് അന്തിമോപചാരം അര്‍പ്പിച്ചത്.

ക്രിസ്മസ് അവധിക്കാണ് ഇടുക്കിയില്‍ നിന്ന് അവസാനമായി ധീരജ് വീട്ടിലെത്തി മടങ്ങിയത്. അവസാന വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ ധീരജ് ആറ് മാസത്തിനപ്പുറം പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് കൊല്ലപ്പെട്ടത്. മകന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാകാതെ കരഞ്ഞുതളര്‍ന്ന അവസ്ഥയിലായിരുന്നു അച്ഛന്‍ രാജേന്ദ്രനും അമ്മ പുഷ്പകലയും ഒപ്പം സഹോദരന്‍ അദ്വൈതും.

കഴിഞ്ഞ ദിവസം കോളേജ് തിരഞ്ഞെടുപ്പിനിടെയാണ് ധീരജ് നെഞ്ചില്‍ കുത്തേറ്റ് മരിച്ചത്. കൊലപാതകത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി, ജെറിന്‍ ജോ എന്നിങ്ങനെ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തത് അല്ലെന്നും പെട്ടെന്നുള്ള പ്രകോപനത്തിലാണ് സംഭവമെന്നുമാണ് പോലീസ് പറയുന്നത്. കോളേജ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് താന്‍ കോളേജില്‍ എത്തിയതെന്നാണ് ഒന്നാം പ്രതി നിഖിലിന്റെ മൊഴി.

Continue Reading