Crime
ശിവശങ്കറിന് കുരുക്ക് മുറുകുന്നു. സ്വപ്ന ലോക്കറില്‍ സൂക്ഷിച്ച പണം ഉന്നതന് നല്‍കാനെന്ന സംശയം

കൊച്ചി: എന്‍.ഐ.എയുടെ ചോദ്യം ചെയ്യലില്‍ പലതിനും ഉത്തരം മുട്ടിയ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എന്‍.ഐ.എ സംഘം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ മൂന്നുതവണയായി എന്‍ഐഎ ശിവശങ്കറിനെ 34 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇന്നലെ മാത്രം ഒന്‍പതു മണിക്കൂറാണ് സ്വപ്നയ്ക്കൊപ്പം ശിവശങ്കറിനെയും ചോദ്യം ചെയ്തത്.ഇന്നലെ ശിവശങ്കര്‍ നേരത്തെ നല്‍കിയ മൊഴിയില്‍ ഉറച്ചു നിന്നു. സ്വപ്നയ്ക്ക് നല്‍കിയ പണം കടമായിരുന്നെന്നും സ്വ്പനയുടെ ഫ്ളാറ്റില്‍ നിരന്തരം പോയത് വ്യക്തിപരമായ സൗഹാര്‍ദ്ദം കൊണ്ടു മാത്രമാണെന്നുമാണ് ശിവശങ്കര്‍ പറഞ്ഞത്. സ്വപ്നയ്ക്ക് ലൈഫ് ഇടപാടില്‍ കമ്മീഷന്‍ ലഭിച്ചത് അറിയില്ലെന്നും ശിവശങ്കര്‍ ഉറച്ചു നിന്നു.
സ്വപ്നയും കമ്മീഷന്‍ ലഭിച്ച കാര്യം ശിവശങ്കറിന് അറിയില്ലെന്നു സമ്മതിച്ചു. എന്നാല്‍ ഇതു മുഖവിലയ്ക്ക് എടുക്കാന്‍ എന്‍ഐഎ തയ്യാറല്ല. പണം ലോക്കറിലുണ്ടായിട്ടും സ്വപ്ന ശിവശങ്കറില്‍ നിന്നും കടം വാങ്ങിയതെന്തിനെന്ന ചോദ്യത്തിന് ഇരുവര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല.സ്വപ്നയുമായി ചേര്‍ന്ന് ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ലോക്കര്‍ തുറന്നിരുന്നു. ഈയൊരു നിര്‍ദേശം എന്തിനായിരുന്നുവെന്ന ചോദ്യത്തിന് ശിവശങ്കര്‍ നല്‍കിയ മറുപടിയിലും അന്വേഷണ സംഘം തൃപ്തരല്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടാകും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുകയെന്നാണ് എന്‍.ഐ.എ നല്‍കുന്ന സൂചന.
ലോക്കറില്‍ സ്വപ്ന സൂക്ഷിച്ചിരുന്ന പണം ശിവശങ്കറിന് കൂടി അറിയാവുന്ന ഏതോ ഉന്നത വ്യക്തിക്കുള്ളതാണെന്നാണ് എന്‍ഐഎ നിഗമനം. ഇതു പുറത്തുകൊണ്ടുവരികയാണ് എന്‍ഐഎയുടെ ലക്ഷ്യം. ഇതിനു പുറമെ ശിവശങ്കറും സ്വപ്നയും തമ്മില്‍ കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്നതിന്റെ സൂചനകളും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട് . ശിവശങ്കറിന്റെയും സ്വപ്‌നയുടെയും മൊഴികള്‍ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വിലയിരുത്തുകയാണ്. ഇതിന് ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.