Crime
ട്രാൻസ്ജെൻഡർ അനന്യയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരേ അന്വേഷണം

കൊച്ചി: ട്രാൻസ്ജെൻഡർ അനന്യയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. കൊച്ചിയിലെ റെനൈ മെഡിസിറ്റി ആശുപത്രിക്കെതിരേ ഉയർന്ന പരാതിയിലാണ് അന്വേഷണം. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് സർക്കാർ ഉത്തരവ്.
കഴിഞ്ഞ ജൂലൈയിലാണ് അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി അനന്യ രംഗത്തെത്തിയിരുന്നു. അനന്യ മരിച്ചതിന് പിന്നാലെ നൽകിയ പരാതിയിൽ ആറ് മാസത്തിന് ശേഷമാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും അവതാരികയുമായിരുന്ന അനന്യയെ ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
2020 ലാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോ.അർജുൻ അശോകാണ് ശസ്ത്രക്രിയ നടത്തിയതെന്ന് സഹോദരി പറയുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവ് മൂലം വലിയ ബുദ്ധിമുട്ടുകളും വേദനയും താൻ സഹിക്കുകയാണെന്ന് അനന്യ പരാതി ഉന്നയിച്ചിരുന്നു.