Crime
ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈംബ്രാഞ്ച് രണ്ടാം ദിനവും ചോദ്യം ചെയ്യൽ തുടങ്ങി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യൽ തുടങ്ങി.. ഇന്നലെ 11 മണിക്കൂര്‍ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണം പ്രതികളിലൊരാള്‍ ഭാഗികമായി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ്, സുഹൃത്തു ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നത്. ഇവരിൽ ആരാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ശരിവച്ചതെന്ന വിവരം അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. ഇന്ന് പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും.
അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായും നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വീട്ടിൽവച്ചു കൈപ്പറ്റിയതായുമുള്ള ആരോപണങ്ങൾ ദിലീച് ചോദ്യം ചെയ്യലിൽ ആവർത്തിച്ച് നിഷേധിച്ചതായാണ് വിവരം. പലപ്പോഴായി നൽകിയ മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തപ്പോൾ ദിലീപ് നിഷേധാത്മക നിലപാട് സ്വീകരിച്ചതായും സൂചനയുണ്ട്. സുരാജ്, ബൈജു, അപ്പു എന്നിവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത ശേഷമാണ് പുറത്തുവിട്ടത്.
അന്വേഷണ സംഘത്തിന്റെ കൈവശമുള്ള നിർണായക തെളിവുകൾ നേരിൽ കാണിച്ചുള്ള ചോദ്യംചെയ്യൽ ഇന്നു നടക്കും. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലെ പ്രതികളുടെ മൊഴികളിലെ വൈരുധ്യം മുൻനിർത്തിയും ചോദ്യങ്ങളുണ്ടാകും. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ എങ്ങനെവേണമെന്നത് സംബന്ധിച്ച രൂപരേഖ ഇന്നലെ വൈകുന്നേരം തന്നെ തയാറാക്കിയിട്ടുണ്ട്. അതിനിടെ, അന്വേഷണസംഘം പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. ഇത് അന്വേഷണത്തിൽ നിർണായകമായിരിക്കും.
