Crime
മുൻകൂർ ജാമ്യം തേടാൻ നിർദ്ദേശിച്ചത് ശിവശങ്കർ, ശബ്‌ദരേഖ തയ്യാറാക്കിയതും ശിവശങ്കറിന്റെ തിരക്കഥ, സ്വപ്‌നയുടെ വെളിപ്പെടുത്തൽ വിവാദമാവുന്നു

തിരുവനന്തപുരം:സ്വർണക്കള്ളക്കടത്ത് കേസിൽ ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടുവെന്നത് സത്യമാണെന്നും ബാഗേജിൽ എന്തായിരുന്നുവെന്ന് അറിഞ്ഞുകൊണ്ടാണ് ശിവശങ്കർ ഇടപെട്ടതെന്നും ചാനൽ അഭിമുഖത്തിൽ സ്വപ്ന അവകാശപ്പെട്ടു. സ്വർണക്കള്ളക്കടത്ത് കേസിൽ തീവ്രവാദിയാക്കി എൻ.ഐ.എയെ വരുത്തി തന്നെ ജയിലിലടച്ചതിന് പിന്നിൽ ശിവശങ്കറിന്റെ ബുദ്ധിയായിരുന്നുവെന്ന് സ്വപ്ന സുരേഷിന്റെ ആരോപണം.
.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന” എന്ന പുസ്‌തകത്തിലെ പ്രധാന ഭാഗങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ .
സ്വപ്ന ചതിച്ചതാണെന്നും സ്വർണക്കള്ളക്കടത്ത് അറിയില്ലെന്നുമാണ് ശിവശങ്കറിന്റെ പുസ്തകത്തിൽ പറയുന്നത്. ഇതോടെയാണ് കടുത്ത ആരോപണങ്ങളുമായി സ്വപ്ന ചാനലുകൾക്ക് മുന്നിലെത്തിയത്.ജയിലിൽ നിന്നു പുറത്തുവന്ന ശബ്ദരേഖ തിരക്കഥയുടെ ഭാഗമായിരുന്നുവെന്നും സ്വപ്ന തുറന്നു പറഞ്ഞു.മുഖ്യമന്ത്രിയും കുടുംബവുമായി ബന്ധമില്ല. മുൻസ്പീക്കർ ശ്രീരാമകൃഷ്ണനും കുടുംബവുമായി നല്ല ബന്ധമായിരുന്നു. ഫ്ളാറ്റിലും ഔദ്യോഗിക വസതിയിലും പോയിട്ടുണ്ട്. കാറിൽ ഒരുമിച്ച് യാത്രചെയ്തിട്ടുണ്ട്. പെട്ടി കൈമാറിയതിനെപ്പറ്റിയുള്ള ചോദ്യത്തിന് അതൊക്കെ കോടതിയിൽ പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി. മന്ത്രി ജലീലുമായി ഔദ്യോഗിക ബന്ധമാണുണ്ടായിരുന്നത്. കോൺസലേറ്റ് ജനറലും ജലീലും അടുപ്പത്തിലായിരുന്നു. അദ്ദേഹവുമായി ഔദ്യോഗിക മല്ലാത്ത ബന്ധങ്ങളൊന്നുമുണ്ടായില്ല.
താനായിട്ട് ഒരു മന്ത്രിയെയോ എം.എൽ.എയോ മന്ത്രിമാരുടെ പി.എ മാരെയോ വിളിച്ചിട്ടില്ല.ശിവശങ്കർ മൂന്ന് വർഷം തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് സ്വപ്‌ന പറഞ്ഞു.’യു.എ.ഇ കോൺസുലേറ്റിലെ അനധികൃത ഇടപാടുകളെപ്പറ്റി അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം പറഞ്ഞിട്ടാണ് ജോലി രാജിവച്ചത്. സ്‌പേയ്‌സ് പാർക്കിൽ അദ്ദേഹമാണ് നിയമനം നേടിത്തന്നത്. ഒരു ഫോൺ കോളിനെ തുടർന്നായിരുന്നു നിയമനം. എന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്കുണ്ട്. ശിവശങ്കറിനെപ്പറ്റി ഞാൻ പുസ്‌തകമെഴുതിയാൽ ഒരുപാട് രഹസ്യങ്ങൾ പുറത്തുവരും. ബെസ്റ്റ് സെല്ലറാകാനുള്ള വിഭവങ്ങൾ ധാരാളമുണ്ടാകും. ഞാൻ അതിന് തുനിയുന്നില്ല. ശിവശങ്കർ സാറിന്റെ പുസ്‌തകത്തിൽ എന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തിൽ എഴുതിയിട്ടുണ്ടെങ്കിൽ അത് മോശമാണ്.എന്റെ എല്ലാ കാര്യത്തിലും ശിവശങ്കർ സജീവമായി ഇടപെട്ടിരുന്നു. ജീവിതത്തിലെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാം.
ആവശ്യം കഴിഞ്ഞപ്പോൾ എന്നെ വലിച്ചെറിയുകയായിരുന്നു. എന്നെ ചൂഷണം ചെയ്തു. ഒരുപാട് ഗിഫ്റ്റ് അദ്ദേഹത്തിന് കൊടുത്തിട്ടുണ്ട്. അതിൽ ഒന്നു മാത്രമാണ് ആപ്പിൾ ഫോൺ. ഒരുമിച്ച് ആഹാരം കഴിക്കുകയും മദ്യപിക്കുകയും ചെയ്‌തിട്ടുണ്ട്.സ്വപ്‌ന വെളിപ്പെടുത്തി .