Crime
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്ത സമ്മേളനത്തി
പറഞ്ഞു. മുഖ്യമന്ത്രിയെ വെള്ളപൂശാൻ പോലീസ് അനധികൃതമായി ഇടപെട്ടു. കസ്റ്റഡിയിൽ വെച്ച് സ്വപ്ന ശബ്ദരേഖ നൽകിയതിലൂടെ ഇത് വ്യക്തമായി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്തും നിയമവിരുദ്ധ പ്രവർത്തനവും നടന്നുവെന്നും വ സതീശൻ ആരോപിച്ചു.
പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വ്യക്തമായിരിക്കയാണ്. മുഖ്യമന്ത്രിക്ക് ഇതിൽ ഒരു പങ്കുമില്ലെന്ന് പ്രതിയായ സ്ത്രീയുടെ പേരിൽ വന്ന ശബ്ദ സന്ദേശം കെട്ടിച്ചമച്ചതാണെന്നും നേരത്തെ നൽകിയ സ്ക്രിപ്റ്റിന്റെ അടിസ്ഥാനത്തിലാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരിക്കുന്നു. മുഖ്യമന്ത്രിയെ ഈ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സംസ്ഥാനത്തെ പോലീസ് സംവിധാനത്തെ ഉപയോഗിച്ചുകൊണ്ട് ഒരു വനിത പോലീസുകാരിയെ ചുമതലപ്പെടുത്തി തയ്യാറാക്കിയ സ്ക്രിപ്റ്റ് പ്രതിയെക്കൊണ്ട് വായിപ്പിക്കുകയായിരുന്നു.
മുഖ്യമന്ത്രി നിരപരാധിയാണ് എന്ന് തെളിയിക്കാനുള്ള ഒരു ശ്രമവും കൂടെ പുറത്ത് വന്നിരിക്കയാണ്. അതിന്റെ പുറകിലുള്ള ഗൂഢാലോചനയെ കുറിച്ച് കൂടെ അന്വേഷിക്കണം. ആരുടെ നേതൃത്വത്തിൽ എവിടെവെച്ചാണ് ഇങ്ങനെയൊരു ശ്രമം പോലീസിന്റെ അറിവോട് നടന്നത് എന്ന് വ്യക്തമാകണം. മൂടിവെക്കപ്പെട്ട എല്ലാ സത്യങ്ങളും ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ലൈഫ് മിഷനിൽ കോടികളുടെ അഴിമതി നടന്നുവെന്ന് ഒരിക്കൽക്കൂടി വ്യക്തമായി. ലോക്കറിലുള്ള പണം ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കമ്മീഷൻ കിട്ടിയ തുകയാണ് എന്ന് വ്യക്തമായിരിക്കയാണ്. സ്വർണ കള്ളക്കടത്ത് നടത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നു എന്ന് വ്യക്തമായി. ഇതിനെ സംബന്ധിച്ച് എന്താണ് മുഖ്യമന്ത്രിക്ക് പറയാനുള്ളത് എന്നറിയാനായി കാത്തിരിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.