Crime
ആത്മഹത്യയുടെ വക്കിൽനിൽക്കുന്ന സ്ത്രീക്ക് എന്തിനാണ് ഭയ’മെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം : എന്തിനാണ് ഇ ഡി വിളിച്ചതെന്ന് അറിയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്.
ചോദ്യം ചെയ്യലിനു വിളിപ്പിച്ചതിൽ ഭയമുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ആത്മഹത്യയുടെ വക്കിൽനിൽക്കുന്ന സ്ത്രീക്ക് എന്തിനാണ് ഭയ’മെന്നായിരുന്നു സ്വപ്നയുടെ മറുപടി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ ഇഡി അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറും കേരള പൊലീസിലെ ചില ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇഡി സമൻസ് അയച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു സ്വപ്ന.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നൽകിയതായും മൊഴി കൃത്യമായി വായിച്ചു നോക്കാൻ സാവകാശം നൽകാതെ മൊഴി പ്രസ്താവനയിൽ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്ന ശബ്ദരേഖ വിവാദമുയർത്തിയിരുന്നു. എം.ശിവശങ്കറിനൊപ്പം ദുബായിൽ പോയി മുഖ്യമന്ത്രിക്കു വേണ്ടി ‘ഫിനാൻഷ്യൽ നെഗോസ്യേഷൻ’ നടത്തിയെന്നു പറയാൻ സമ്മർദമുണ്ടെന്നാണു സന്ദേശത്തിലുണ്ടായിരുന്നത്. ഇതെല്ലാം തന്നെക്കൊണ്ടു വ്യാജമായി പറയിപ്പിച്ചതാണെന്നാണു സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ.