KERALA
മന്ത്രി മെഴ്സിക്കുട്ടിയമ്മയെ വീട് കയറി ആക്രമിക്കും; ഭീഷണിയുമായി യുവമോര്‍ച്ച നേതാവ്

കൊല്ലം: മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയെ വീട് കയറി ആക്രമിക്കുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. പോലീസുകാരെയും ആക്രമിക്കുമെന്ന് ശ്യാം രാജ് ഭീഷണിയുയര്‍ത്തി. മന്ത്രിയുടേയും പോലീസുകാരുടേയും വീട്ടുവിവരങ്ങള്‍ മുഴുവന്‍ കൈയ്യിലുണ്ടെന്നും ശ്യം രാജ് പറഞ്ഞു.
മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കുണ്ടറയിലെ മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ് ഇത്തരത്തിലുള്ള ഭീഷണി പ്രസംഗം നടത്തിയത്.
മന്ത്രിയും പോലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവന്‍ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നാണ് ഭീഷണി. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീട്ടില്‍ അകാരണമായി പോലീസ് കയറുന്നുവെന്നും തിരിച്ച് അതേ നാണയത്തില്‍ പ്രതികരിക്കുമെന്നും ശ്യാം രാജ് പറഞ്ഞു.
യുവമോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരേ നേരത്തെ പോലീസ് കേസെടുത്തിരുന്നു. മന്ത്രി കെ.ടി ജലീല്‍ സഞ്ചരിച്ച കാറിനു കുറുകെ വണ്ടിയിട്ട് കരിങ്കൊടി കാണിച്ചതിനും അപകടപ്പെടുത്താന്‍ ശ്രമിച്ചതിനുമായിരുന്നു കേസ്