KERALA
ലൈഫ് മിഷൻ: മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാനൊരുങ്ങി സി.ബി.ഐ

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായ് ബന്ധപ്പെട്ട അഴിമതിയാരോപണത്തില്‍ സിബിഐ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും. ലൈഫ് മിഷന്‍ ചെയര്‍മാന്‍ എന്ന നിലയ്ക്ക് പുറമെ യുഎഇ റെഡ്ക്രസന്റ് കേരളത്തിലെ സര്‍ക്കാര്‍ പദ്ധതിക്ക് പണം മുടക്കിയത് സര്‍ക്കാരിന്റെ തലവനായ മുഖ്യമന്ത്രി യുഎഇയില്‍ എത്തി സഹായം ചോദിച്ചതിനെ തുടര്‍ന്നാണ്. ഇക്കാര്യങ്ങളിലടക്കം വ്യക്തത തേടാനാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ സി.ബി.ഐ ഒരുങ്ങുന്നത്.
തദ്ദേശ മന്ത്രി എസി മൊയ്തീനാണ് ലൈഫ് മിഷന്റെ വൈസ് ചെയര്‍മാന്‍. അദ്ദേഹത്തിനെയും വിവരങ്ങളറിയാന്‍ സിബിഐ വിളിച്ചുവരുത്തും. സിബിഐ അന്വേഷണം ഏറെ ദോഷകരമാകാന്‍ ഇടയുള്ളത് ലൈഫ് മിഷന്‍ സിഇഒ യുവി ജോസ്, മുന്‍ സിഇഒയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കരനുമാണ്.
പദ്ധതിയിലെ ക്രമക്കേട് നടന്നതില്‍ യുവി ജോസിന് പങ്കുണ്ടോ എന്ന കാര്യവും സിബിഐ പ്രത്യേകം അന്വേഷിക്കും. ഇതിലേറെ അന്വേഷണം നേരിടേണ്ടി വരിക എം ശിവശങ്കര്‍ തന്നെയാകും. ലൈഫ് പദ്ധതി വഴി കമ്മീഷനുണ്ടാക്കാനുള്ള വഴികള്‍ സ്വപ്‌ന നടത്തിയെടുത്തത് ശിവശങ്കര്‍ വഴിയാണെന്നാണ് സൂചന.ഇക്കാര്യത്തില്‍ ശിവശങ്കര്‍ വിശദീകരിക്കേണ്ടി വരും. കേസില്‍ ഉടന്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കണെമന്ന നിര്‍ദ്ദേശമാണ് സിബിഐക്ക് ലഭിച്ചിട്ടുള്ളത്.
വിദേശ സഹായാം സ്വീകരിച്ചതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും സംസ്ഥാനം നേരിട്ട് വിദേശ സഹായം സ്വീകരിച്ചില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും സി.ബി.ഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്. ലൈഫ് മിഷന്‍ സി.ഇ.ഒ സര്‍ക്കാര്‍ പ്രതിനിധിയാണ്. അതില്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും സി.ബി.ഐ പറയുന്നു.അനുവാദമില്ലാതെ വിദേശ സഹായം സ്വീകരിച്ചത് സര്‍ക്കാര്‍ പദ്ധതിക്കാണെന്നും, ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.