KERALA
വോട്ടര്‍മാര്‍ക്ക് തെറ്റ് പറ്റിയാല്‍ യുപി കേരളമോ കശ്മീരോ ആയേക്കാമെന്ന വിവാദ പ്രസ്താവനയുമായി യോഗി

ന്യൂഡല്‍ഹി : വോട്ടര്‍മാര്‍ക്ക് തെറ്റ് പറ്റിയാല്‍ യുപി കേരളമോ കശ്മീരോ ബംഗാളോ ആയേക്കാമെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ് നടക്കുന്നതിന് തൊട്ടു മുമ്പായിരുന്നു യോഗിയുടെ പ്രസ്താവന.
ബിജെപി ഉത്തര്‍പ്രദേശ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഭയരഹിതമായി ജീവിക്കാന്‍ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് യോഗി ആഹ്വാനം ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് പല അത്ഭുതങ്ങളും നടന്നുവെന്നും എന്തെങ്കിലും പിഴവ് നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടായാല്‍ ഈ അഞ്ച് വര്‍ഷത്തെ പ്രയത്‌നം വെറുതേ ആകുമെന്നും യോഗി പറയുന്നു.
“വോട്ടര്‍മാരുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചാല്‍ യുപി, കേരളമോ, കശ്മീരോ ബംഗാളോ പോലെ ആയി മാറും. ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ പ്രതിബദ്ധതയോടെയും ആത്മാര്‍ഥതയോടെയുമാണ് പ്രവര്‍ത്തിച്ചത്. നിങ്ങള്‍ക്കത് കാണാനും അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്. തീരുമാനമെടുക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. എന്റെ അഞ്ച് വര്‍ഷത്തെ പരിശ്രമത്തിനുള്ള ആനുഗ്രഹമാകും നിങ്ങളുടെ വോട്ട്.” യോഗി പറഞ്ഞു.
പടിഞ്ഞാറന്‍ യുപിയിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ശക്തമായ കര്‍ഷക പ്രക്ഷോഭം നടന്ന മേഖലയാണിത്. രണ്ടാം തവണയാണ് യോഗി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അഖിലേഷ് യാദവ് ആണ് യോഗിയുടെ പ്രധാന എതിരാളി. യുപിയടക്കം നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മാര്‍ച്ച് 10ന് പ്രഖ്യാപിക്കും.