KERALA
ബാബുവിനെ സ്വീകരിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളും .ബാബു ആശുപത്രി വിട്ടു

പാലക്കാട്: മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങി ഒടുവില്‍ സൈന്യം രക്ഷപ്പെടുത്തിയ ബാബു (23) വിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ബാബു പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡിഎംഒ ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചു.
ബാബുവിനെ സ്വീകരിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളും അടക്കം നിരവധി പേര്‍ എത്തിയിരുന്നു. ഇതിനിടെ ബാബുവിന് സാമ്പത്തിക സഹായവുമായി തൃശ്ശൂരിലുള്ള ഒരു കൂട്ടം ആളുകളും രംഗത്തെത്തി. വെള്ളവും ഭക്ഷണവുമില്ലാതെ 40 മണിക്കൂറിലേറെ മലമ്പുഴ കൂര്‍മ്പാച്ചി മലയിടുക്കില്‍ ഒറ്റപ്പെട്ടുകഴിഞ്ഞ ബാബു ആരോഗ്യനില ഏറെക്കുറെ വീണ്ടെടുത്തു.
ബുധനാഴ്ച ഉച്ചമുതല്‍ ജില്ലാ ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ കഴിയുന്ന ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂര്‍മ്പാച്ചി മല കയറാന്‍ പോയത്. പകുതിവഴി കയറിയപ്പോള്‍ കൂട്ടുകാര്‍ മടങ്ങിയെങ്കിലും ബാബു കയറ്റം തുടര്‍ന്നു. മലയുടെ മുകള്‍ത്തട്ടില്‍നിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ബാബു കുടുങ്ങിയത്. 48 മണിക്കൂറിനു ശേഷം സൈന്യവും എന്‍ഡിആര്‍എഫും പോലീസും പര്‍വതാരോഹകരും ചേര്‍ന്നാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്.