Crime
തോട്ടടയിലെ ബോംബേറിൽ നിര്‍ണായക വെളിപ്പെടുത്തലുമായി കണ്ണൂര്‍ മേയര്‍ കൊലപാതകത്തലേന്ന് പ്രതികള്‍ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തി

കണ്ണൂർ: തോട്ടടയിൽ വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറിൽ യുവാവ് മരിച്ചതിൽ നിര്‍ണായക വെളിപ്പെടുത്തലുമായി കണ്ണൂര്‍ മേയര്‍ ടി.ഒ.മോഹനന്‍. കൊലപാതകത്തലേന്ന് രാത്രി പ്രതികള്‍ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയെന്നു മേയർ പറഞ്ഞു. ഏച്ചൂരിലെ മാലിന്യസംസ്കരണ പ്ലാന്‍റിന് സമീപം രാത്രി ഒരു മണിയോടെയാണ് സ്ഫോടനമുണ്ടായത്. പ്രതികളെല്ലാം സിപിഎമ്മിന്‍റെ സജീവപ്രവര്‍ത്തകരാണ്. ബോംബ് നിര്‍മിക്കാനും സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യം ഇവര്‍ക്കുണ്ടെന്നും ഇതിനെക്കുറിച്ചെല്ലാം സമഗ്രമായ അന്വേഷണം വേണമെന്നും മേയര്‍ ആവശ്യപ്പെട്ടു.
അതിനിടെ ബോംബെറിഞ്ഞത് അക്ഷയ് ആണെന്നും പ്രതി കുറ്റംസമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ഏച്ചൂർ പാതിരപ്പറമ്പിൽ പരേതനായ മോഹനന്റെ മകൻ ജിഷ്ണു (26) ആണു ഞായറാഴ്ച ബോംബേറിൽ മരിച്ചത്. 6 പേർക്കു പരുക്കേറ്റിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കു വിവാഹ പാർട്ടി വരന്റെ വീട്ടിലക്കു കയറിയ ഉടൻ, 100 മീറ്റർ പിന്നിലായി ചാല 12 കണ്ടി റോഡിലാണു ബോംബെറിഞ്ഞത്. ശനിയാഴ്ച രാത്രി വരന്റെ വീട്ടിലെ സൽക്കാരത്തിനിടെ പാട്ടു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏച്ചൂരിൽ നിന്നും തോട്ടടയിൽ നിന്നുമുള്ള രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കവും കയ്യാങ്കളിയും നടന്നിരുന്നു.ഇതിന്റെ തുടർച്ചയായാണ് ബോംബേറ് ഉണ്ടായത്. വിവാഹ പാർട്ടി വീട്ടിലേക്കു നടക്കുന്നതിനിടെ, ഏച്ചൂർ – തോട്ടട സംഘങ്ങൾ തമ്മിൽ ഞായറാഴ്ച വീണ്ടും ഏറ്റുമുട്ടലുണ്ടാവുകയും ഏച്ചൂർ സംഘം എതിരാളികളെ ലക്ഷ്യം വച്ചെറിഞ്ഞ ബോംബ് ഉന്നം തെറ്റി ജിഷ്ണുവിനു മേൽ പതിക്കുകയുമായിരുന്നു.