HEALTH
മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം അറുപത്തിനാലുകാരി എച്ച്‌ഐവി മുക്തയായി

ഷിക്കാഗോ : അമേരിക്കയില്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം അറുപത്തിനാലുകാരി എച്ച്‌ഐവി മുക്തയായതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ രോഗം ഭേദമാവുന്ന ആദ്യ സ്ത്രീയും ലോകത്തിലെ മൂന്നാമത്തെ വ്യക്തിയുമാണിവര്‍.
കാലിഫോര്‍ണിയ ലോസ് ഏഞ്ചല്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോ.ഇവോണ്‍ ബ്രൈസണ്‍, ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയലെ ഡോ.ഡെബോറ പെര്‍സൗഡര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പഠനത്തിന്റെ ഭാഗമായാണ് കണ്ടെത്തല്‍. കൂടുതല്‍ പേരിലേക്ക് ചികിത്സ എത്തിക്കാനാണ് നീക്കം. ലുക്കീമിയ ബാധിതയായ സ്ത്രീ 14 മാസമാണ് മജ്ജ മാറ്റിവച്ചതിന് ശേഷം ചികിത്സയില്‍ തുടര്‍ന്നത്. ഈ പതിനാല് മാസവും ഇവര്‍ക്ക് എച്ച്‌ഐവി ചികിത്സ നടത്തിയിട്ടില്ല. മജ്ജ നല്‍കിയ വ്യക്തി ജന്മനാ എച്ച്‌ഐവി പ്രതിരോധശേഷി ഉള്ളയാളാണ്.
ക്യാന്‍സറും എച്ച്‌ഐവിയുമുള്ള ഇരുപത്തിയഞ്ച് പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ ആദ്യം ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള കീമോ തെറപ്പി നടത്തി. പിന്നീടായിരുന്നു മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. എച്ച്‌ഐവി വൈറസ് ബാധിക്കുന്ന റിസപ്ടറുകളുടെ അഭാവമുള്ള, പ്രത്യേക ജനിതക പരിവര്‍ത്തനമുള്ള വ്യക്തികളില്‍ നിന്നാണ് സ്റ്റെം സെല്ലുകള്‍ മാറ്റി സ്ഥാപിച്ചത്.
ശാസ്ത്രലോകത്തെ സുപ്രധാനമായ കണ്ടുപിടിത്തമാണെങ്കിലും എച്ച്‌ഐവി ബാധിതരായ ഭൂരിഭാഗം ആളുകളുടെയും രോഗമുക്തിക്ക് പ്രായോഗികമായ മാര്‍ഗ്ഗമല്ല മജ്ജ മാറ്റിവയ്ക്കല്‍ എന്ന് എയ്ഡ്‌സ് സൊസൈറ്റി അറിയിച്ചിട്ടുണ്ട്. എച്ച്‌ഐവി ബാധിതര്‍ ചികിത്സ കൃത്യമായി പിന്തുടരണമെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ജീന്‍ തെറാപ്പി നടത്തുന്നത് കൂടുതല്‍ ഉപയോഗപ്രദമാവുമെന്നും സൊസൈറ്റിയുടെ പ്രസിഡന്റ് ഷാരോണ്‍ ലൂയിന്‍ അറിയിച്ചു.